Saturday, December 24, 2011

മരണം


അയാള്‍ തീര്‍ത്തും അസ്വസ്ഥന്‍ ആയിരുന്നു. മുറിയിലേക്ക് കയറും മുമ്പ് തന്നെ കട്ടിയുള്ള ഡോര്‍ ഗ്ലാസ്സില്‍ ആരും ശ്രദ്ധിക്കാത്ത വിധത്തി അയാളൊന്നു പാളി നോക്കി കുഴപ്പമെന്തെങ്കിലും...? ഇല്ല. നെറ്റി നന്നായി വിയര്‍ത്തിട്ടുണ്ട്. ആ വിയര്‍പ്പ് ചാലുകള്‍ നേരത്തെയിട്ട പൌഡറില്‍ കലര്‍ന്ന് മുഖം വികൃതമാവുമോ... ഹേയ് ... അല്പ്പമല്ലേ ഇട്ടുള്ളൂ... പോക്കറ്റില്‍ ടവ്വല്‍ തപ്പിയപ്പോള്‍ അത് ബാഗിലാണെന്നോര്‍ത്തു. അങ്ങനെ തന്നെ ഇരിക്കട്ടെ. ശീതീകരിച്ച ആ മുറിയില്‍ പതുപതുപ്പുള്ളതും ക്രീം നിറത്തിലുമായി ക്രമീകരിച്ച സോഫകളുടെ ഒരു വശത്ത് അയാളും സ്ഥാനമുറപ്പിച്ചു. കുറച്ചു പേരെ എത്തിയിട്ടുള്ളൂ എന്ന് തോന്നുന്നു. ഒരു പക്ഷെ.... ഇന്നലെ ഓര്‍ത്തോര്‍ത്തു ഡയറിയില്‍ എഴുതി വെച്ച കണക്കുകള്‍ നോക്കുമ്പോള്‍ നാല്പത്തി ഒന്നാമത്തെ ഇന്റര്‍ വ്യുവും ഇന്നത്തോടെ താന്‍ നേരിടുമെന്ന് ഒരു നേര്‍ത്ത നിസംഗതയോടെ അയാള്‍ ഓര്‍ത്തു.
"നീ രക്ഷപ്പെടും പ്രസാദേ, ഓരോരോ പരീക്ഷകള്‍ കഴിയും തോറും നീ കൂടുതല്‍ കൂടുതല്‍ യോഗ്യതയുള്ളവനായിതീരുകയാണ് "ശശി മാഷുടെ വാക്കുകള്‍ മനസ്സില്‍ ഒരു ആശ്വാസം പോലെ തോന്നി.

പഴയ വൃത്തികെട്ട ചിന്തകളില്‍ നിന്നും രക്ഷപ്പെടാനായി അയാള്‍ പരിസരം വീക്ഷിച്ചു. കൌണ്ടറില്‍ ഇരിക്കുന്ന പെണ്ണിന്റെ അഹങ്കാരവും വശ്യതയും കലര്‍ന്ന ഫോണ്‍ സംസാരം ആ മുഖത്തിനോട്ടും ചേരില്ലെന്ന് തോന്നി. അവളുടെ കാതില്‍ ഞാന്നു കിടക്കുന്ന നീളന്‍ കമ്മല്‍ നന്നായി പെര്‍ഫോമന്‍സ്‌ ചെയ്യുന്നുണ്ട്. സൈഡിലെ വാര്‍ന്നു വെക്കാന്‍ മറന്നു പോയ മുടി ചെവിക്കരികിലെ നനുത്ത രോമങ്ങളെ ഇക്കിളിപ്പെടുത്തുന്നുണ്ടോ? ഛെ, താന്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത്! പെണ്ണ് നശിച്ച വര്‍ഗം. ആദം അറിയാതെ കഴിച്ച പഴത്തിന്റെ അതേ രുചിയും സൌന്ദര്യവുമാണതിന്. പറിച്ചാലും രുചിച്ചാലും കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. അതെ കുറിച്ച് ആലോചിക്കുകയേ ചെയ്യരുത്. മറ്റിടങ്ങളിലേക്ക് അയാളുടെ കണ്ണുകള്‍ ആര്‍ക്കോ വേണ്ടി നോക്കി. ആളു കൂടിയോ? കൂടിയിട്ടുണ്ട്. ജോലി കിട്ടില്ലേ? കൂട്ടം കൂടിയും ഒറ്റപ്പെട്ടും നില്‍ക്കുന്ന യുവാക്കളുടെ ആരുടേയും കണ്ണിലേക്ക് നോക്കാനുള്ള ധൈര്യം തോന്നിയില്ല. പരിചയപ്പെടാനുള്ള പുഞ്ചിരി ചിലരൊക്കെ തൊടുത്തു വിട്ടുവെങ്കിലും ദ്രിഷ്ട്ടി മാറ്റി കണ്ടില്ലെന്ന ഭാവത്തില്‍ വേറെയെവിടെക്കോ നോക്കിക്കളഞ്ഞു. എല്ലാവരും സന്തോഷത്തിലാണെന്ന് തോന്നി ഇടയ്ക്കിടെ അടക്കിപ്പിടിച്ച പൊട്ടിച്ചിരികളും കുശുകുശുക്കലും കേള്‍ക്കാം. ഒരുപാട് അത്തറകളുടെയും സുഗന്ധ സ്പ്രേകളുടെയും മണം കലര്‍ന്ന് ആ മുറി വിങ്ങി തുടങ്ങിയിരുന്നു. അരികു ഭാഗത്തെ ചില്ലിട്ട ജനലിലൂടെ പാലക്കാടന്‍ മീന വെയിലിലേക്ക് നോക്കിയപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു പാട് ചിന്തകളുടെ പൊടിക്കാറ്റടിച്ചു.
ഇവരൊക്കെ എന്ത് കൊണ്ടാണ് ഇങ്ങനെ ചിരിക്കുന്നത്? എങ്ങനെയാണ് ഇവര്‍ക്ക് ചിരിക്കാന്‍ കഴിയുന്നത്. മനസ്സ് തുറന്നു ചിരിച്ചിട്ട് എത്രനാളായി എന്നയാള്‍ ഓര്‍ത്തു നോക്കി. ഓ.. എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? തന്നെപ്പോലെ തന്നെ ആയിരിക്കുമോ എല്ലാരും? അവര്‍ക്ക് സന്തോഷിക്കാന്‍ ഒരു പാട് കാരണങ്ങള്‍ കാണും. താനും ഇന്നലെ സേതുക്കാന്റെ കടയുടെ സൈഡിലെ തിണ്ണയിലിരിക്കുമ്പോള്‍ പൊട്ടി ചിരിച്ചിട്ടില്ലേ? പിന്നെന്താണ് കുഴപ്പം? ശരിയാണ്. ഇന്നലെ താന്‍ നന്നായി ചിരിച്ചു. എന്തായിരുന്നു അത്?

മമ്മി. അവനൊരു സംഭവം തന്നെയാണ്. സംഭവമോ? പ്രസ്ഥാനം എന്നെ പറയാവൂ എന്നാണു രമേഷിന്റെ വാദം. തന്റെ വായ ചിരിച്ചതിനു എന്തായാലും അവനാണ് കാരണക്കാരന്‍. തെക്കെപാടത്തു അമ്പലപ്പരിപാടിക്ക് കമ്പവലി മല്‍സരം നടക്കുമ്പോഴായിരുന്നു അത്. മൈക്കിലൂടെ വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും ലിസ്റ്റ്  രാജേട്ടന്റെ മകന്‍ സന്തോഷ്‌ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മമ്മി പതുക്കെ അടുത്ത് ചെന്ന് ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞുവത്രേ... ഒരു നൂറു രൂപ സന്തോഷിന്റെ പോക്കറ്റില്‍ മമ്മി നിക്ഷേപിക്കുന്നതിന് കോഴി കൊയക്കാന്റെ മകന്‍ അഷറഫ്‌ സാക്ഷിയാണ്. അപ്പൊ തന്നെ അവന്‍ മമ്മിയോടു ചോദിക്കുകയും ചെയ്തു, എന്തിനാ നൂറു കൊടുത്തത് എന്ന്. അതിനു മമ്മി മറുപടി പറഞ്ഞില്ലെങ്കിലും സംഗതി അപ്പൊ തന്നെ വെളിച്ചത്തായി. അടുത്ത നിമിഷം മൈക്കിലൂടെ സന്തോഷിന്റെ ഘടോര ശബ്ദത്തില്‍ അറിയിപ്പ് വന്നു: "പൊറ്റമ്മല്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന്‍ മമ്മിയുടെ പേര് മുഹമ്മദ്‌ എന്ന് മാറ്റിയതായി അറിയിക്കുന്നു. ഇനി മുതല്‍ മമ്മിയെ മമ്മി എന്ന് വിളിക്കരുത് എന്ന് ഇതിനാല്‍ താല്പര്യപ്പെടുന്നു" - രസം അവിടെയല്ല, അറിയിപ്പ് തീര്‍ന്നിട്ടുമില്ല അടുത്തത് ഒരു ചോദ്യമായിരുന്നു - "ഇങ്ങനെ പോരേ മമ്മീ?" മൈക്ക് ഓഫ്‌ ആക്കാന്‍ മറന്നതോ മനപ്പൂര്‍വ്വം മറന്നതോ ആണ് വിഷയം. രമേഷിന്റെ കഥ പറച്ചില്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ മൂന്നു പേരും ചിരിച്ചു ചിരിച്ചു വയറൂവേദനയെടുത്തു.

അത് പോലുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്ന സുഹൃത്തുക്കള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തന്റെ ബലിച്ചോറ് എന്നേ കാക്ക കൊത്തിയേനെ. എന്നാലും ആത്മഹത്യ എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണ് എന്നാണു അഷറഫ്‌ ഒരിക്കല്‍ പറഞ്ഞത്. അവരുടെ മതത്തില്‍ അതിനു മാപ്പില്ലാത്ത ശിക്ഷയാണത്രേ പരലോകത്ത് നിന്നും ലഭിക്കുക. മരണം എന്നത് വല്ലാത്തൊരു പ്രതിഭാസം തന്നെയാണ്. ഒരിക്കലും രുചിച്ചു നോക്കി പിന്നീടൊന്നു കൂടി രുചിക്കാന്‍ പറ്റാത്ത അപൂര്‍വ്വ വിഭവം. അതിനപ്പുറം എന്തൊക്കെയോ നിഗൂഡതകള്‍ മറഞ്ഞിരിപ്പുണ്ട്. മോഹിപ്പിക്കുന്ന സുഖസൗകര്യങ്ങളുള്ള സ്വര്‍ഗം, എത്ര വേദനിചാലും മരിച്ചാലും മരിക്കാന്‍ അനുവദിക്കാത്ത നരകം, മാലാഖമാര്‍, ചെകുത്താന്മാര്‍, കോടാനു കോടി മനുഷ്യരുടെ ആത്മാക്കള്‍, എല്ലാം കൂടി ഒരു ഭയങ്കരന്‍ ലോകം. അത് ഭരിക്കുന്നതോ സര്‍വ്വം കയ്യിലൊതുക്കി വെച്ചിരിക്കുന്ന ദൈവം എന്ന പരമാധികാരി.

ഇതൊക്കെ സത്യമാണോ? പണ്ടാരമടങ്ങാന്‍ ഒന്ന് ചാകാനും സമ്മതിക്കാത്ത ലോകത്താണ് താന്‍ വന്നു പെട്ടിരിക്കുന്നത് എന്ന് തോന്നിപ്പോവുന്നു. പണ്ടെങ്ങോ വായിച്ച കഥയിലെ ഒരു കുള്ളന്‍ കഥാപാത്രം എവിടെയോ എത്തിപ്പെടുന്ന പോലെ താനും എത്തിപ്പെട്ടതായിരിക്കാം. എന്നിട്ട് അവിടെ നമ്മുടെ പഴയ ഓര്‍മ്മകളൊക്കെ മായിച്ചു കളയും എന്നിട്ട് ആരുടെയൊക്കെയോ അടുത്ത് കൊണ്ട് പോയി ഇട്ടിട്ടു മനസ്സില്‍ തോന്നിപ്പിക്കും, ഇതാണ് നിന്ന്റെ അമ്മ, ഇതാണ് അച്ഛന്‍. അങ്ങനെയങ്ങനെ... എന്നിട്ട് ആ വികൃത ലോകത്തില്‍ ആര്‍ക്കൊക്കെയോ വേണ്ടി നമ്മള്‍ വേദനിക്കുന്നു. ആരൊക്കെയോ നമ്മളെ പഴിക്കുന്നു....
യഥാര്‍ത്ഥത്തില്‍ ഞാന്‍ ഏതോ നാട്ടിലെ രാജ കുമാരനോ മറ്റോ ആയിരിക്കണം. എവിടെയോ വേട്ടയാടാന്‍ പോയപ്പോള്‍ ഏതോ സ്വാമിയുടെ ശാപം കിട്ടി. അതല്ലെങ്കില്‍ ഏതോ അത്ഭുതക്കനി കഴിച്ചു. അതോടെ താന്‍ ഏതോ ലോകത്തു എത്തിപ്പെട്ടു പോയി... ഒരിക്കല്‍ താന്‍ ഈ നശിച്ച ലോകത്ത് നിന്ന് ഓടി രക്ഷപ്പെടും. എന്നിട്ട് തന്റെ രാജ്യം അഭിമാനത്തോടെ ഭരിക്കും.
എ പി പ്രസാദ്‌..... എ പി പ്രസാദ്‌....
എവിടുന്നോ ആരോ വിളിക്കുന്നുണ്ടോ? എവിടെയാണ് ഞാന്‍.... ഞെട്ടി കണ്ണ് തിരുമ്മി ചുറ്റിനും നോക്കിയപ്പോള്‍ എല്ലാവരും കൂടി ചിരിക്കുന്നു. രാജാവായ എന്റെ പരിവാരങ്ങളോ? ഒരിക്കലുമല്ല. എല്ലാവരും ഷര്‍ട്ടുകള്‍ ഇന്‍സൈഡ്‌ ചെയ്തു നില്‍ക്കുന്നു. പെട്ടെന്ന് പരിസര ബോധം വന്നു. ഇന്റര്‍വ്യു വിനു അകത്തേക്ക് ചെല്ലാനുള്ള വിളിയാണ്. ഞാന്‍ എന്തൊരു മനുഷ്യനാണ് ! ഏതോ സ്ഥലത്തെ ഏതോ മുറിയില്‍ മയങ്ങുന്നോ? അതും ഇന്റര്‍വ്യൂവിനു വന്നിട്ട്? ട്രെയിനില്‍ വന്നാ മതിയായിരുന്നു. ബസ്സില്‍ വന്നിട്ടായിരിക്കും ഭയങ്കര ക്ഷീണം. പെട്ടെന്ന് മുഖം തുടച്ചു അകത്തേക്ക് ചെന്നു.

ഇതെന്തൊരു ഇന്റര്‍വ്യു ആണ്! ഒറ്റ ചോദ്യങ്ങള്‍ ചോദിച്ചില്ല! പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ ചിന്തിച്ചു. പേര് ചോദിച്ചു. സ്ഥലവും. ഇനി ഇതിന്റെ ഇവംമാര്‍ വേറെ വല്ല തട്ടിപ്പും നടത്തുന്നുണ്ടോ? ആര്‍ക്കറിയാം. ഈ ലോകം വല്ലാത്തൊരു ലോകമാണ്. പെട്ടെന്ന് നേരത്തെ കണ്ട സ്വപ്നം മനസ്സിലേക്ക് വന്നു. അതേ. ഇത് ഞാന്‍ ഏതോ ശാപം കാരണം എത്തിപ്പെട്ട നശിച്ച ലോകം തന്നെയായിരിക്കും. ആ സ്ഥാപനത്തിന്റെ പടിയിറങ്ങുമ്പോ വാച്ച്മാനെ പോലെ ഒരാള്‍ ചിരിച്ചു കാണിച്ചു. മാന്യത വിചാരിച്ചു തിരിച്ചു ചിരിച്ചപ്പോള്‍ അയാള്‍ ഒരു ചോദ്യം, മോന്റെ വീട് എവിടെയാ? ഇനി ഇയാളോടും പറയണോ ഊരും പേരും. നാശം ചിരിക്കണ്ടായിരുന്നു. അഡ്രസ്‌ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു എന്റെ ഭാര്യവീട് അവിടെ തന്നാ മോനേ... ആ വായനശാലെടെ അടുത്ത്... അറിയുന്ന സ്ഥലമാണ്. എന്തോ അയാള്‍ വല്ലാത്ത പരിചയം കാണിച്ചു. നാട്ടിലുള്ള ഒരാള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്നും കാണുന്ന ഒരു പ്രതീതി അയാള്‍ക്ക്‌ തന്നോട് തോന്നിക്കാണും. തനിക്കും ആ ഒരു സുഖം തോന്നുന്ന പോലെ തോന്നി.
പോരാന്‍ നേരത്ത് അയാള്‍ പറഞ്ഞു : മോനേ, സ്നേഹം കൊണ്ട് പറയുവാ... ഇവിടേക്കുള്ള ആളുകളെ ഒക്കെ എടുത്തു കഴിഞ്ഞു. ഇതൊക്കെ വെറും വേഷം, കെട്ടല്ലേ.... മോന്‍ വേറെ വല്ലയിടത്തും നോക്ക്. വല്ല നേതാക്കന്മാരെയും പിടിച്ചാല്‍ കാര്യം നടക്കും കുറച്ചു തുട്ട് കൊടുക്കേണ്ടി വരും.മോന്‍ ഒരു അന്‍പതിനായിരം ഒപ്പിക്കയാണേല്‍ ഞാന്‍ ഇവിടെ തന്നെ....
"വേണ്ട" മുഴുമിപ്പിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.
"എന്നാ ശരി ചേട്ടാ...." അയാളുടെ അടുത്ത് നിന്നും അകലാന്‍ വേണ്ടി വലിഞ്ഞു നടന്നു...

നാശം... ഈ പണം കണ്ടു പിടിച്ചവനെ ആദ്യം കൊല്ലണം. പണം... പണം... ചെകുത്താന്റെ നികൃഷ്ട്ട കാഷ്ട്ടം തന്നെയായിരിക്കാം പണം. എല്ലാം എല്ലാര്‍ക്കും യാതെഷ്ട്ടം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ലോകം ഉണ്ടാകും..? ഒരു പക്ഷെ, തന്റെ സ്വപ്നത്തില്‍ കണ്ട തന്റെ രാജ്യം അങ്ങനെയായിരിക്കണം. ഇനി തിരിച്ചു വീട്ടിലേക്കു പോകുന്ന കാര്യം ഓര്‍ത്തു ആകെ ഉല്‍ക്കണ്ഠയായി. വീട്. ശരിക്കും തന്റെ വീട് ആയിരിക്കുമോ അത്? മീനു? അതേ മീനുവും ഒരു പക്ഷെ, തന്റെ കൂടെ വന്നതായിരിക്കും. എന്തൊരു സ്നേഹമാനവള്‍ക്കെന്നോട്! ഒരു അച്ഛന്‍ എന്ന് പറയുന്ന ഒരാള്‍ ഉണ്ട്. എവിടെയോ... എവിടെയോ ആണ്. വരുമോ?അറിയില്ല. എന്തിനാണ് ഇയാള്‍ എന്റെ മാതാവെന്ന് പറയപ്പെടുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചത്? കുറെ മക്കളെ സൃഷ്ട്ടിക്കാനോ? അതോ തന്നില്‍ കെട്ടിക്കിടക്കുന്ന ഭ്രാന്തന്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കാനോ? നാശം തന്നെ. താനെന്തൊരു ലോകത്താണ്! ഇല്ലാപ്പാട്ട് പാടുന്ന ഒരു തള്ള(?). ആ തള്ളയുടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ചു പണം തട്ടുന്ന സഹോദരന്‍(?) മറ്റൊരുത്തന് മുഴു വട്ട്. ഒരു പെണ്‍കുട്ടിയും. അവള്‍ ഒരു പക്ഷെ എന്നേ സ്നേഹിക്കാന്‍ വേണ്ടി മാത്രം ജനിച്ചവളായിരിക്കാം.


ആലോചിച്ചു ആലോചിച്ചു റെയില്‍വേ ഗേറ്റിനു അടുത്തെത്തി. സമയം സന്ധ്യയായിരിക്കുന്നു. അപ്പൊ ഒരു ബുദ്ധി തോന്നി. അടുത്ത സ്റ്റേഷന്‍ വരെ നടക്കാം... പോയിട്ട് തിരക്കൊന്നും ഇല്ലല്ലോ... ഈ റെയില്‍ പാളത്തിലൂടെ ദൂരേക്ക്‌ നോക്കി നടക്കുന്നത് ഒരു രസം തന്നെ.. തന്റെ ജീവിതത്തിനു നല്ലോണം ചേരും... അനന്തമായ.. വിദൂരതയിലെക്കുള്ള യാത്ര....
ഈ യാത്രക്കൊരു സുഖമുണ്ട്.... ബസ്സിലെയും ട്രെയിനിലെയും തിരക്കില്ല. സുഖസുന്ദരമായ കാറ്റ്.... അതില്‍ കലര്‍ന്ന് വരുന്ന ആരോ ഒഴിച്ചിട്ട മൂത്രത്തിന്റെ ഗന്ധം...
പക്ഷെ, ആ ഇന്റര്‍വ്യു മുറിയിലെ മനുഷ്യരുടെ സുഗന്ധവസ്തുക്കള്‍ കലര്‍ന്ന വിയര്‍പ്പ് മണത്തേക്കാള്‍ സുഖമുണ്ടിതിന്. സത്യം.
ദൂരേക്ക്‌ നോക്കിയപ്പോള്‍ റെയില്‍ പാളത്തിലെ വിലങ്ങനെയിട്ട കൊണ്ക്രീറ്റ്‌ പാളികള്‍ പടികള്‍ പോലെ അയാള്‍ക്ക്‌ തോന്നി. അകലെ, സൂര്യന്‍ സ്വര്‍ണം പൂശിയ ഒരു ലോകവും കൊണ്ട് കാത്തിരിക്കുന്ന പോലെ തോന്നി.... ആ കാഴ്ചയുടെ മുമ്പിലൂടെ, സൂര്യ കിരണങ്ങളെ പാശ്ചാതലമാക്കി പറന്ന പറവകള്‍ തന്നെ അവിടേക്ക് മാടി വിളിക്കുന്ന പോലെ തോന്നി. ആ പടികളിലൂടെ ഞാന്‍ ധൃതിയില്‍ നടന്നു.താന്‍ സ്വപ്നത്തില്‍ കണ്ട തന്റെ ലോകം തന്റെ പ്രജകളുമായി കാത്തിരിക്കുന്നുന്ടെന്നും അയാള്‍ക്ക്‌ തോന്നി. ആ ഹരം കൊള്ളിക്കുന്ന അവസ്ഥയില്‍ അയാളുടെ കര്‍ണ്ണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കുമാറ തന്റെ പിന്നില്‍ നിന്നുമയാള്‍ പെരുമ്പറശബ്ദം താളക്കൊഴുപ്പോടെ മുഴങ്ങിക്കേട്ടു..... അപ്പോള്‍ അയാള്‍ വളരെയധികം സന്തോഷവാനായി കാണപ്പെട്ടു... ആവേശത്താല്‍ അയാള്‍ രണ്ടു കൈകളും വിടര്‍ത്തിപ്പിടിച്ചു.....
അവസാനമായി, അയാള്‍ തന്റെ രാജകൊട്ടാരത്തിലെ ഭടന്‍ ഉറക്കെ ശംഖു വിളിക്കുന്നതും കേട്ടു......

ഇതൊന്നുമറിയാതെ അഞ്ചരയുടെ രാജധാനി എക്സ്പ്രസ്‌ നീണ്ട ഹോണും മുഴക്കി ഭൂമിയെ പ്രകമ്പനം കൊള്ളിച്ച് വല്ലാത്തൊരു ശബ്ദത്തോടെ ആ പാളത്തിലൂടെ കടന്നു പോയി....



......ശുഭം...

Thursday, December 22, 2011

ഓര്‍മ്മകളിലെ ഉണ്ണിയപ്പം



കുട്ടിക്കാലത്ത് ഓര്‍ഫനേജിന്റെ മുമ്പിലൂടെയുള്ള റോഡില്‍ കൂടി 
ദിവസവും വെള്ള താടിയുള്ള ഒരു വൃദ്ധന്‍ വരുമായിരുന്നു. അയാളുടെ കൈകളിലെ വെളുത്തു ചുളുങ്ങിയ തൊലിയില്‍ല്‍ ഇളം പച്ച നിറത്തില്‍ വൃക്ഷ ശിഖിരങ്ങള്‍ പോലെയുള്ള ഞരമ്പുകള്‍ എനിക്കന്നു വല്ലാതെ കൌതുകം സമ്മാനിച്ചിരുന്നു.
മിക്ക ദിവസങ്ങളിലും രാവിലെ ഞാന്‍ അയാളെയും നോക്കി ഗെയ്റ്റിന്റെ കമ്പിയില്‍ പിടിച്ചു ദൂരേക്ക്‌ നോക്കി നില്‍ക്കും.... 
ആ സ്ഥാപനത്തിലെ ഏറ്റവും ഇളയ കുട്ടി ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, അയാള്‍ എനിക്ക്എല്ലാ ദിവസവും പലഹാരങ്ങള്‍ കൊണ്ട് വരും....

പോകാന്‍ നേരത്തു പേര് ചോദിച്ചാല്‍ ആ വെള്ള അപ്പൂപ്പന്‍ താടി' തടവിക്കൊണ്ട് പറയും-
നിന്റെ വെല്ല്യുപ്പ ആണ് മോനെ..."
അപ്പൊ നിഷ്കളങ്കതയോട് കൂടി ഞാന്‍ വീണ്ടും ചോദിക്കും,
"അതല്ല, ശരിക്കും പേര് പറ".
അപ്പൊ ഗെയ്റ്റിനുള്ളില്‍ കൂടി കൈകടത്തി എന്റെ മൂക്ക് പിടിച്ചു പതിയെ തടവിക്കൊണ്ട് പറയും:
"നീ എന്നെ ഇപ്പോഴും വിളിക്കുന്നത്‌ തന്നെ എന്നെ വിളിച്ചാല്‍ മതി. എന്നെ അങ്ങനെ വിളിക്കാന്‍ നീ മാത്രമേ ഉള്ളൂ മോനെ..."
അപ്പോള്‍ ഞാന്‍ കളിയോടെ വിളിക്കും: "വെല്ല്യുപ്പാ...." എന്ന് .
ആ സമയം വല്ലാത്തൊരു സ്നേഹത്തോടെ അയാള്‍ എന്നെ തടവിക്കൊണ്ടിരിക്കും.... തലയിലും മുഖത്തും തോളത്തുമെല്ലാം അയാളുടെ കൈകള്‍ എന്നില്‍ സ്നേഹം പടര്‍ത്തുമ്പോള്‍ പെട്ടെന്ന് എനിക്കെന്റെ ഉപ്പയെ ഓര്‍മ്മ വരും. അപ്പൊ പതിയെ മുഖം കറുത്ത്, ചിണുങ്ങി ചിണുങ്ങി..., ചുണ്ട് മലച്ചു ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങും.... എനിക്കയാളെ കെട്ടിപ്പിടിക്കണമെന്നു തോന്നും പക്ഷെ, അതൊരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു...

അന്ന് ആ അപ്പൂപ്പന്‍ കൊണ്ട് വരുന്ന പലഹാരങ്ങളില്‍ എനിക്കേറ്റവും ഇഷ്ട്ടം ഉണ്ണിയപ്പം ആയിരുന്നു... ഇപ്പോഴും ഉണ്ണിയപ്പം കണ്ടാല്‍ എനിക്കയാളെ ഓര്‍മ്മ വരും... എന്തിന്, ചെറിയ കുട്ടികളെ കാണുമ്പോള്‍ ഞാന്‍ ഒരു ചെറിയ കുട്ടി ആയിപ്പോകുന്നത് പോലും ഹൃദയം നിറയെ സ്നേഹവുമായി നടക്കുന്ന അയാള്‍ കാരണമാണെന്നു എനിക്ക് തോന്നാറുണ്ട്....


കാലം ഉരുട്ടി വിട്ട പ്രായത്തിന്റെ എണ്ണങ്ങള്‍ എന്നെ എവിടെയോ എത്തിച്ചിരിക്കുന്നു....
അന്നത്തെ ആ ചെറിയ കുട്ടി സ്വപ്നം പോലും കാണാത്ത ഇരുണ്ടതും ചിലപ്പോഴൊക്കെ പ്രകാശമാനമായതുമായ വഴികളിലൂടെ, നടന്നു നടന്നു അവസാനം ഞാനിപ്പോള്‍ ഓര്‍മ്മകള്‍ കൊയ്ത്തു കൊണ്ടിരിക്കുകയാണ്.... വിതച്ചതെന്നെന്നോര്‍മ്മയില്ലെങ്കിലും ഞാനത് കൊയ്തുകൊണ്ടേയിരിക്കുകയാണ്..


മറന്നതല്ല, ആ പ്രായത്തില്‍ അതൊന്നും ഓര്‍ത്തു വച്ചിരുന്നില്ല... കണ്ണൂര്‍ ആണെന്ന് മാത്രം അറിയാം... ഓടിട്ട ആ സ്ഥാപനതിനടുത്തു ഒരു പ്രസ്‌ കൂടിയുണ്ടായിരുന്നു... അതിന്റെ പിന്‍ഭാഗത്താണ് ഞാന്‍ എല്‍ കെ ജി യും യു കെ ജിയും ഒന്നാം ക്ലാസും പഠിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍... അവിടെ രണ്ടു വെള്ള അമ്ബാസിഡര്‍ കാറുകള്‍ ഉണ്ടായിരുന്നു... രണ്ടുമൂന്നു ആംബുലന്‍സുകളും. പിന്നെ ഒരു ഓര്‍മ്മയുള്ളത് അക്കാലത്ത് ഏതോ തിരഞ്ഞെടുപ്പിലെ ഉച്ചഭാഷിണിയുടെ ശബ്ദരേഖയാണ് : "നമ്മുടെ സ്ഥാനാര്‍ഥി ഇ അഹമ്മദിനെ വിജയിപ്പിക്കുക " ഇത്ര മാത്രമേ ഓര്‍മ്മയുള്ളൂ... ഇ. അഹമ്മദ്‌ കണ്ണൂരില്‍ മത്സരിച്ചിട്ടുണ്ടോ എന്ന് തന്നെ എനിക്കറിയില്ല. ആ ഉച്ചഭാഷിണി വേറെ എവിടുന്നെങ്കിലും ഓര്‍മ്മകളില്‍ കയറിക്കൂടിയതാണെങ്കിലോ? എല്ലാ ഓര്‍മ്മകളുമിപ്പോള്‍ പണ്ടെന്നോ കുളത്തില്‍ വീണു പോയ സ്വര്‍ണക്കമ്മല്‍ പോലെയാണ് തോന്നുന്നത്... ഓര്‍മ്മകളുടെ ഓളങ്ങള്‍ക്കിടയിലെവിടെയോ അത് വെയില്‍ തട്ടി തിളങ്ങുന്നത് ഞാന്‍ കാണുന്നുണ്ട്.... പക്ഷെ, മുങ്ങിയെടുക്കാന്‍ നോക്കുമ്പോ അതെനിക്കു കിട്ടുന്നേയില്ല.... കമ്മല്‍ കിട്ടാത്തതില്‍ പിണങ്ങിയ ആ പഴയ കളിക്കൂട്ടുകാരിയുടെ മുഖത്ത് കണ്ട സങ്കടത്തിന്റെ അതേ ഭാവം തന്നെയാണോ എന്റെ ഹൃദയത്തിന് ഇന്നും അനുഭവപ്പെടുന്നത്?

ഇന്നും എന്റെ നനുത്ത ഓര്‍മ്മകളുടെ ഭാരം പേറുന്ന ആ കെട്ടിടം ഇപ്പോള്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല... ആ അപ്പൂപ്പന്‍ ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നും എനിക്കറിയില്ല...
എന്നാലും,
എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ അവിടെ ഇന്നും പോകാറുണ്ട്...
എന്നിട്ട് അവിടുത്തെ മുറ്റത്തെ മണലില്‍ ജീവിതത്തില്‍ ഇത് വരെ പഠിക്കാത്ത അക്ഷരങ്ങള്‍ വിരല് കൊണ്ട് എഴുതിപ്പടിക്കും...
വിശക്കുമ്പോ, അപ്പൂപ്പന്‍ കൊണ്ട് വരുന്ന ഉണ്ണിയപ്പത്തിന്റെ രുചിയോര്‍ത്തു വെള്ളമിറക്കും....
പിന്നെ, പഴയ ഗേറ്റും പിടിച്ചു ഞാന്‍ ആ അപ്പൂപ്പനെ കാത്തിരിക്കും....

എന്നിട്ട് കുട്ടിക്കാലത്തെ പോലെ കൊഞ്ചലോടെ പറയും, ന്റെ അപ്പൂപ്പന്‍ ഇന്ന് വരൂലെ...?

എല്ലാ ഓര്‍മകളും സംഗമിക്കുന്ന ആനിമിഷത്തിനു വേണ്ടി
എന്റെ ആത്മാവ് ഞാനറിയാതെ കൊതിക്കാറുണ്ട്...
അത് ഒരു പക്ഷെ, ആത്മാവിന്റെ തേങ്ങലായിരിക്കാം.....
അല്ലെങ്കില്‍ തളിരിനെ തഴമ്പാക്കിയതിന് കാലത്തിനോടുള്ള
വാശിയും വേദനയും കലര്‍ന്ന ഒരു തരം ഗദ്ഗദമായിരിക്കാം....

Wednesday, December 21, 2011

പ്രണയക്കടല്‍

പ്രണയത്തെ നിര്‍വചിക്കാനായി നമുക്ക്ഒരു കടലായി സങ്കല്‍പ്പിക്കാം.
ഒന്നാമന്‍:
കടല്‍ എന്ന് വച്ചാല്‍ ഇപ്പോഴും തിരയടിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ കുളമാണ്.

രണ്ടാമന്‍:
ഒരിക്കലുമല്ല, ഹിമാലയത്തെക്കാള്‍ വലിയ പര്‍വതങ്ങളൂള്ള, അമൂല്യമായ മുത്തുകളും പവിഴങ്ങളും ചതുപ്പുകളും നിറഞ്ഞ, ദൈവം തന്റെ സ്വത്തുക്കള്‍ ഒളിപ്പിച്ചു വെക്കാന്‍ കണ്ടെത്തിയ ഇടമാണ് കടല്‍. അതില്‍ ഒരു നുള്ള് മാത്രമേ മനുഷ്യരിപ്പോള്‍ അനുഭവിക്കുന്നുള്ളൂ....

മൂന്നാമന്‍:
ഹഹഹ... മണ്ടത്തരം. കടലെന്നാല്‍ അനേകായിരം ജലജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ വേണ്ടി സൃഷ്ട്ടിക്കപ്പെട്ടതാണ്....

നാലാമന്‍:
ഹഹഹ.. അത് തെറ്റാണ്. മനുഷ്യര്‍ക്ക്‌ വേണ്ടിയാണ് കടല്‍ സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നത്. അതിലെ സുഖങ്ങള്‍ അനുഭവിക്കാന്‍ വേണ്ടി..

അഞ്ചാമന്‍:
ഹേയ്. മണ്ടന്മാരുടെ സംഘമെ, കടല്‍ അതൊന്നുമല്ല. പണ്ടെങ്ങോ ഒരു വലിയ ഭൂമികുലുക്കം ഉണ്ടായപ്പോള്‍ ശിലാപാളികള്‍ തെന്നി മാറി യാദ്രിഷികമായി ഉണ്ടായതാണ് കടല്‍. അതില്‍ കുറെ ജീവജാലങ്ങള്‍ മുങ്ങി ചത്തു.. ചിലവ ജലത്തില്‍ ജീവിക്കാന്‍ പ്രാപ്തി നേടി.

ആറാമന്‍ :
ഹോഹോഹോ... ഇത്ര വലിയ തമാശ ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടില്ല. എന്തായാലും, നിങ്ങള്‍ പറഞ്ഞതെല്ലാം കൂടി ചേര്‍ത്ത് വെച്ചാല്‍ ഒരു പക്ഷെ, കടല്‍ ആയേക്കാം. പക്ഷെ, അത് മാത്രമല്ല കടല്‍. അതിനു ഒരു പാട് തലങ്ങളുണ്ട്. ആഴമുണ്ട് മൂല്യമുണ്ട് ഒരു പാട് കരകളൂള്ള പോലെ തന്നെ... അവിടുത്തെ ഒരു പിടി മണല്‍ തരിയോളം വരില്ല നമ്മുടെ കടലിനെ കുറിച്ചുള്ള അറിവ്. എങ്കിലും നമ്മള്‍ അത് അനുഭവിക്കുന്നു. അത് കാരണം നമുക്ക് പലതും നഷ്ട്ടപ്പെടാറുണ്ടെങ്കില്‍ പോലും നമ്മളതിന്റെ കരയിലെ ജീവിതം മതിയാക്കുകയേയില്ല... ഇനി ഞാന്‍ പറഞ്ഞതാണ് കടലെന്നു ഞാന്‍ വാദിക്കുന്നെയില്ല.
കാരണം കടല്‍ അതിനൊക്കെ അപ്പുറമായി മറ്റെന്തൊക്കെയോ ആണ്. നിര്‍വചിക്കാന്‍ പറ്റാത്ത പ്രണയം പോലെ....

Thursday, December 15, 2011

മഴ







മഴ എന്നും എനിക്ക് കൌതുകമായിരുന്നു . അതിലേറെ ഇഷ്ട്ടവുമായിരുന്നു....




സങ്കടം വരുമ്പോഴും ,

ദുഃഖം വരുമ്പോഴും അതെന്നെ പിന്തുടരാറുണ്ട് ................

എന്റെ ജീവിതത്തിന്റെ പല താളുകളില്‍

ഞാന്‍ ശ്രദ്ധിക്കാറുണ്ട് .............

ഒരുപാട് എന്നെ വിസ്മയിപ്പിച്ച പോലെ തന്നെ ,

എന്നെ വേദനിപ്പിക്കാരുമുണ്ട് മഴ ..................

എന്റെ പ്രിയപ്പെട്ട മഴ ......................

കയറിക്കിടക്കാന്‍ ഒരു വീടില്ലാതായപ്പോ ,

കണ്ടാല്‍ ആട്ടിയോടിക്കുന്ന പീടികക്കാരന്റെ മച്ചില്‍ കയറിക്കിടക്കാറുണ്ട്................

പക്ഷെ ,

അവിടെയും മഴ എന്നെ വേദനിപ്പിച്ചു .......

ചോര്‍ന്നൊലിക്കുന്ന ഷീറ്റ് ഇട്ട മേല്‍കൂരയിലെ വിടവിലൂടെ

മഴ എന്നെ ഉറങ്ങാന്‍ വിട്ടില്ല ..................

നനഞ്ഞ കുപ്പായവും മാറികകിടക്കാന്‍ ഒരിടവും ഇല്ലാതെ

നിസ്സഹായതയുടെ നനവുള്ള ഓര്‍മ്മകള്‍ ഞാന്‍

അത്ര തന്നെ തണുപ്പോടെ ഓര്‍ക്കുന്നു .....................

അന്ന് , എന്റെ കണ്ണിലും മഴ തന്നെയായിരുന്നു , ഒരു കണ്ണീര്മഴ .............!




എങ്കിലും ,

ഒപ്പം മഴ നനഞ്ഞ നിമിഷങ്ങളോര്‍ക്കുമ്പോള്‍ നഷ്ട്ടപ്രണയത്തിന്റെ ആഴം ഞാന്‍ തിരിച്ചറിയുന്നു....

ആ ദിവസങ്ങള്‍ക്കൊക്കെ വല്ലാത്തൊരു യുവത്വം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.... പ്രണയത്തിന്റെ അനുഭൂതി തൊട്ടറിഞ്ഞ നിമിഷങ്ങള്‍ ......

അന്ന് അങ്ങനെ മഴയത്തുപോകുമ്പോള്‍ , അവള്‍ കൈരണ്ടും ഇങ്ങനെ വിടര്‍ത്തി പിടിക്കുമായിരുന്നു ............,




അപ്പൊ ,




ഞാനെന്റെ എല്ലാ വേദനകളും മറക്കും ......................

നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായിതൊട്ടുരുമ്മി നടക്കുമ്പോള്‍ , അവളുടെ മാംസളത എന്റെ ദേഹത്ത് തട്ടാതിരിക്കാന്‍ ഞാന്‍ ശ്രദ്ടിക്കും .

പക്ഷെ അത് അറിഞ്ഞു കൊണ്ട് തന്നെ അവള്‍ എന്നെ ഉറുമ്ബടക്കം കെട്ടിപ്പിടിക്കും...................... !!




ഇത്രയൊക്കെ ആയിട്ടും , അവളെ ''''മറ്റൊരു രീതിയില്‍ ''' കൈകാര്യം ചെയ്യാത്തതിന്

കൂട്ടുകാര്‍ എന്നെ ഇവനൊരു മണ്ടന്‍ തന്നെയാണല്ലോ എന്ന് പറഞ്ഞു കളിയാക്കാറുണ്ട്.. എന്തോ , എനിക്കറിയില്ല ,

എനിക്ക് പ്രണയവും രതിയും ഒപ്പം വരില്ല ... ........

വെറുതെ ഇരിക്കുമ്പോള്‍ തോന്നും , ഇന്ന് അവളെ കാണുമ്പോള്‍

ആരും കാണാതെ ഒന്ന് തലോടണം എന്ന് .. ..................

ഇക്കിളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ തൊട്ടു നോക്കണം എന്ന്....




പക്ഷെ, അവളുടെ അടുത്ത് പോകുമ്പോള്‍

അവളുടെ സാമീപ്യം എന്നെ ഏതോ സ്നേഹത്തിന്റെ തീരത്തിത്തിക്കുന്നു....

അവളുടെ ശാസനകളില്‍ മാതൃത്വം നിറഞ്ഞു നിന്നിരുന്ന പോലെ തോന്നിയിരുന്നു....

അവളുടെ മടിത്തട്ടില്‍ കിടക്കുമ്പോള്‍ എനിക്കവളിലങ്ങ് അലിഞ്ഞു ചേരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വ്യാമോഹിച്ചിരുന്നു.... സ്നേഹിച്ചിരുന്നു.....

എന്നിട്ടും, അവള്‍ പെയ്തൊഴിഞ്ഞു പോയ്ക്കളഞ്ഞു ....

എനിക്ക് വിരഹത്തിന്റെ ഒരു മഴക്കാലം തന്നെ സമ്മാനിച്ചു കൊണ്ട്....

ഒറ്റപ്പെടലിന്റെ നീറുന്ന മഴ സമ്മാനിച്ചു കൊണ്ട്.....

എന്റെ കണ്ണീര്‍മഴക്കാലം തുടങ്ങി വെച്ച് കൊണ്ട്..

വീണ്ടും എപ്പഴോ

ഓര്‍മ്മകളുടെ നിലയ്ക്കാത്ത ചാറ്റല്‍ മഴയില്‍ ഞാന്‍ വല്ലാതെ ഒറ്റപ്പെടുന്ന പോലെ തോന്നി.... തിരക്കിലെവിടെയോ കൈവിട്ടുപോയ കുട്ടിയെ പോലെ ഞാന്‍ എന്റെ ജീവശ്വ്വാസം തേടി അലഞ്ഞു കൊണ്ടിരുന്നു.... മരണത്തെ തേടി നടന്നു.. പക്ഷെ, സന്തോഷത്തെ പോലെ മരണവും എന്നെ തിരിച്ചറിയാതെ പോയി....




എങ്കിലും സഖീ... ഇപ്പോഴും

നിന്റെയോര്‍മ്മകളില്‍ ഞാന്‍ നിന്നിലലിയുന്നു.....

നിന്റെ സ്നേഹത്തിന്റെ ഇടതൂര്‍ന്ന മുടിയിഴകളിലൂടെ

എന്റെ വിരലുകള്‍ നിന്റെ ആത്മാവ് തേടിയലയുന്നു....

നിന്റെ കവിളിലെ നനുത്ത രോമങ്ങള്‍ എന്റെ ചുംബനങ്ങളില്‍ നനയുന്നു.....

നിന്റെ കണ്ണുകളുടെ തിളക്കത്തില്‍ ഞാന്‍ നിന്നിലെക്കലിയുന്നു.....

എല്ലാം എന്റെ നിശബ്ദ സ്വപ്നങ്ങളാണെങ്കിലും....!!!

Wednesday, December 14, 2011

ഞാന്‍

ഏതു നാട്ടുകാരനാനെന്നു ചോദിച്ചാല്‍ കോഴിക്കൊട്ടുകാരനാനെന്നെ പറയാനൊക്കൂ... ഓര്‍മ്മ വെച്ച നാള്‍ മുതല്‍ എന്റെ യാത്രകളുടെ സെന്റെര്‍ പോയിന്റ്‌ ഈ അറബിക്കടലിന്റെ തീരമാണ്.. കോയമ്പത്തൂര്‍ ഏതോ ഒരു വാടക വീട്ടില്‍ ജനനം.. പിതാവ് എറണാകുളം ജില്ലക്കാരന്‍... പഴയ ബി എസ സി കെമിസ്‌ട്രിക്കാരന്‍...അനുഭവങ്ങളുടെ തീച്ചൂളയില്‍ ആറ്റിക്കുറുക്കിയ ചിന്തകളും ആശയങ്ങളും മാത്രം സമ്പത്തായുള്ള ഹൃദയതിനുടമ... അഭിമാനവും ആശയങ്ങളും കൈവിടാതിരിക്കാന്‍ ഏതറ്റവും വരെ പോകാന്‍ മടിക്കാത്ത പ്രകൃതം... മഹാരാജാസ്‌ കോളേജില്‍ പഠനം. പുരാതന മരുമക്കത്തായ സമ്പ്രദായ കാലത്തെ തറവാട്ടു കുടുംബം. ഹിന്ദു മത വിശ്വാസിയായിരുന്ന അദ്ദേഹം കോളേജ്‌ പഠനത്തിന് ശേഷം പുസ്തകവായന ഹോബിയാക്കി. അത് പിന്നീട് ഇസ്ലാം മത വിശ്വാസിയായി പരിണമിച്ചു... മതം മാറ്റം കാരണം ബോംബെയിലേക്ക് നാട് വിട്ടു... അവിടെ നിന്ന് കോയമ്പത്തൂര്‍ക്ക്‌... പഠന സര്ട്ടിഫികട്ടുകളെല്ലാം വീട്ടിലായത് കാരണം അര്‍ഹതപ്പെട്ട ജോലികളൊന്നും കിട്ടിയില്ല... കോയമ്പത്തൂരില്‍ ഉമ്മയുടെ ബന്ധുക്കളെ പരിചയപ്പെടുന്നു... വിവാഹം...കുട്ടികള്‍...സാമ്പത്തികപ്രശ്നങ്ങള്‍...വഴക്ക്... ഇപ്പൊ മറ്റൊരു കുടുംബം പടുത്തുയര്‍ത്തി കോഴിക്കോട്ടുകാരന്‍ ആയി ജീവിക്കുന്നു... ഉമ്മ എന്നെ പോലെ തന്നെ, കൃത്യമായ സ്ഥലങ്ങളില്ല... ഉമ്മയുടെ ഉപ്പയുടെ വീട് രക്തക്കളമായ കണ്ണൂരില്‍.ജനനം പാലക്കാട് കേരളശ്ശേരിയെന്ന മനോഹര നെല്‍പ്പാട ഗ്രാമത്തില്‍... പതിനാലു വയസ്സ് വരെ കോയമ്പത്തൂരില്‍ വളര്‍ന്നു... പിന്നെ, കണ്ണൂര്‍, പാലക്കാട്‌, കോഴിക്കോട്, സൗദി അറേബ്യ എന്നിവിടങ്ങളില്‍... ഉമ്മയുടെ അഞ്ചാം വയസ്സില്‍ ഉമ്മയുടെ പിതാവ് കൊല്ലപ്പെട്ടു...ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന,വിദ്യാഭ്യാസം തീരെയില്ലാത്ത എന്നാല്‍ അതുന്ടെന്നു കാണിക്കുന്ന വളരെ ലോല ഹൃദയതിനുടമ... ഇനി ഒരു കഥാപാത്രം കൂടിയുണ്ട്... എന്റെ പെങ്ങള്‍... ജനനം പാലക്കാട്. കേരളശ്ശേരിയില്‍. പത്താം ക്ലാസ് വരെ അമ്മാവന്റെയും ഉമ്മയുടെ ഉമ്മയുടെയും കൂടെ...ശേഷം ആങ്ങളയുടെ [എന്റെ] കൂടെ കോഴിക്കോട് ദത്തുപുത്രിയായി സീനത്ത്‌ അബ്ദുള്ള ദമ്പതികളുടെ വീട്ടില്‍... പഠനം പ്ലസ്‌ ടു വരെ. ഡിഗ്രി ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടെ കമ്പ്യുട്ടര്‍സോഫ്റ്റ്‌ വെയറും ഹാര്‍ഡ്‌ വെയറും പഠനം പൂര്‍ത്തിയാക്കി. ഏറണാകുളത്ത് മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേഖലയില്‍ പഠനത്തോടൊപ്പം ജോലിയും ചെയ്തു...ഇപ്പൊ പ്രകൃതി ചികില്‍സാ രംഗത്ത് പ്രവര്‍ത്തിക്കുന്നു... ഇപ്പൊ എല്ലാവരും പല ദിശയില്‍...പെങ്ങള്‍ കോഴിക്കോട് , ഞാന്‍ സൗദി അറേബ്യയില്‍, ഉപ്പ കോഴിക്കോട് തന്നെ മറ്റൊരു സ്ഥലത്ത് മറ്റൊരു കുടുംബത്തോടൊപ്പം... ഉമ്മ സൌദിയില്‍ തന്നെ ഞാന്‍ കാണാത്ത എവിടെയോ ഒരു സ്ഥലത്ത്....

Saturday, December 10, 2011

പ്രണയം..

ഒടുവില്‍ എല്ലാം മറന്നു വേര്‍പിരിയുമ്പോള്‍ ഈ ചോദ്യം മനസ്സിലുയരും....
ഒരു പക്ഷെ, ഇതൊരിക്കലും അവളോട്‌ ചോദിക്കാതൊരു ചോദ്യമായിരിക്കാം...
എങ്കിലും.... അത് നിന്നെ അലട്ടിക്കൊണ്ടേയിരിക്കും...
മറക്കുന്നത് വരെ.... എന്ന് പറഞ്ഞാല്‍ മരണം വരെ.....
പിന്നീട്,
വേനല്‍ വരുമ്പോള്‍ അവള്‍ തനിക്കൊരു കുളിര്‍മ്മായായിരുന്നുവെന്നോര്‍ക്കും......
വസന്തം വരുമ്പോള്‍ അവള്‍ തനിക്ക് പൂക്കള്‍ സമ്മാനിച്ചതോര്‍ക്കും.....
അവസാനം.... പൂമരം ഇലകള്‍ പൊഴിച്ച് വിവസ്ത്രയായി നില്‍ക്കുമ്പോള്‍
അവള്‍ തന്നില്‍ നിന്ന് അകന്നു പോയതുമോര്‍ക്കും..... അപ്പോഴുണ്ടാകുന്ന കൊടും തണുപ്പില്‍,
എന്റെ ഹൃദയം അവളുടെ ഇളം ചൂടുള്ള ആലിംഗനം തേടും....
ഒടുവിലെന്റെ ഹൃദയം അവളോടുള്ള പ്രണയം തേടി തേടി മരണത്തിലേക്ക് പോകും.... ഒരു പക്ഷെ,

അവിടെയെങ്കിലും അവളെന്റെ ഹൃദയത്തെ തിരിച്ചറിഞ്ഞാലോ....

Saturday, December 3, 2011

മുല്ലപ്പെരിയാറിലെ പ്രേതം


ഒരിക്കല്‍ ഞാന്‍ പ്രണയത്തെ തേടിയിരുന്നു ..
പക്ഷെ, പ്രണയം പലരുടെയും രൂപത്തില്‍ വിരഹത്തിലേക്ക് ഓടി മറഞ്ഞു....
എന്റെ ഹൃദയത്തിലെ ചാറ്റല്‍മഴ നിലച്ചിരുന്നില്ല.....
ഋതുഭേതങ്ങള്‍ മാറിയതറിയാതെ ഞാന്‍ തപസ്സിരുന്നു...
മോഹം എന്നെ വിശപ്പും ദാഹവുമറിയിച്ചില്ല;
മനസ്സ് എന്റെ പ്രായത്തേയും...
പക്ഷെ, നിനച്ചിരിക്കാതെ അകലെയെങ്ങോ നിന്ന്
പൊട്ടിയൊലിച്ച് വന്ന മലവെള്ളത്തില്‍
എന്റെ വികാരങ്ങളെല്ലാം ഒലിച്ചുപോയി...
കൂടെ ഞാനുമൊലിച്ചു പോയി.... മരണം....
മരണം എന്നെ മെരുക്കുന്നതിനിടക്ക് കുത്തൊഴുക്കില്‍ എന്നെ
സ്വപ്നം കണ്ടുറങ്ങിയ ചോര ചിനച്ചൊരു ഹൃദയം എന്റെ കയ്യില്‍ തടഞ്ഞു....
അതെന്നെ കാത്തിരുന്നവളുടെയായിരുന്നു.... പക്ഷെ,
ഞാനതു തിരിച്ചറിഞ്ഞ നിമിഷം മരണമെന്നെ ഓര്‍മ്മയാക്കി മാറ്റി....
ഇല്ല പെരിയാറേ... നിന്നെയെനിക്ക് മറക്കാനാവില്ല...
നിന്നില്‍ മനുഷ്യന്‍ തടഞ്ഞു വെച്ച സ്നേഹജലം,
എന്റെ സ്വപ്‌നങ്ങള്‍ തച്ചുടച്ചു....
എന്റെ സ്നേഹത്തെ പിരിച്ചു..
ഞങ്ങളെ പിരിച്ചു...
നിന്നെ ഞങ്ങളില്‍ ക്രൂരയാക്കി....
എനിക്കിനിയും ജീവിക്കണമെന്നൊരു വിഫലമാമാശ ഈ ആത്മാവ് ഇനിയാരോട് പറയും...?

Friday, November 18, 2011

അവസാനത്തെ ചോദ്യം

പെണ്ണ്

നിലയില്ലാത്ത ചതുപ്പില്‍ ഞാന്‍ അകപ്പെട്ടപ്പോള്‍ ഒരു കൈ നീണ്ടു വന്നു....
അതില്‍ പിടിച്ചു കയറിയപ്പോഴാണ് കൈകളുടെ ഉടമസ്ഥ,
തന്നെ കൊല്ലാന്‍ വന്നവളാണെന്നു മനസ്സിലായത്‌...
അന്നത്തെ ദിവസം പിന്നെയും ഞാനൊരുപാട് മനസ്സിലാക്കി....
ഒരു പെണ്ണിനും ആരാച്ചാര്‍ ആവാന്‍ കഴിയുമെന്ന്...
തൂക്കു കയര്‍ കഴുത്തിലിട്ടു തരുമ്പോള്‍ പെണ്‍ വര്‍ഗ്ഗത്തിന്റെ കൈകള്‍
ഒരിക്കല്‍ പോലും വിറക്കില്ലെന്നു.... പിന്നെ
കണ്ടോതൊക്കെ കണ്ടില്ലെന്നു നടിക്കാനും കാണാത്തതൊക്കെ
കണ്ടെന്നു പറയാനുമുള്ള കരളുരപ്പുണ്ടെന്നു.... പിന്നെ,
പെണ്ണിന് ഏറെയിഷ്ട്ടം പുരുഷന്റെ കരള്‍ എണ്ണയില്‍ വാട്ടിയ
ഉപ്പെരിയാക്കിയതാണ് എന്ന്... അങ്ങനെ ഒരുപാടൊരുപാട്....
അവളുടെ ചിരിക്കൊരു മനോഹാരിത ഉണ്ടായിരുന്നു.. പക്ഷെ,
നാക്ക് വ്യാളിയുടെ പോലെ ആയിരുന്നു... ഇടയ്ക്കിടെ അതില്‍ തീ വരുന്നുണ്ടോ?


അമ്മ

തോരാത്തൊരു മഴ പെയ്യുമ്പോഴാണ് നിന്നെ പ്രസവിച്ചതെന്നു അമ്മ
എപ്പോഴും പറയും..
അത് പോലെ തന്നെ ആയിപ്പോയി ജീവിതവും...
കണ്ണീരു തോരാത്ത മിഴികള്‍ ചേര്‍ത്താണ് അമ്മ എന്നുമെന്നെ
ചുംബിക്കാറ....
പെണ്ണ് സ്നേഹിക്കപ്പെടെണ്ടാവളാണെന്നു അമ്മയാണ് പഠിപ്പിച്ചത്..
അമ്മയുടെ ഭാഷയില്‍ പെണ്ണൊരു ദുര്‍ബലയാണ്...
എപ്പോഴും താങ്ങും തണലും തേടുന്നവല്‍..... പുനജിരിക്കാനും മുലയൂട്ടാനും
സ്നേഹിക്കാനും മാത്രമറിയുന്നവള്‍... ചോരയുടെ നിറം കണ്ടാല്‍
പോലും തല കറങ്ങുന്നവള്‍.... അതെ, അമ്മയ്ക്കറിയാം എല്ലാം... കാരണം, അമ്മയിലാണ് എല്ലാം തുടങ്ങി വെക്കപ്പെടുന്നത്...

ഞാന്‍

ഞാന്‍ പെണ്ണിന്റെ എതിര്‍ ലിംഗം..... ഒരു പുരുഷ ജന്മം....
അമ്മയുടെ വാക്കുകള്‍ കേട്ട് വളര്ന്നവന്‍...
പെണ്ണിനെ സ്നേഹിക്കാന്‍ ശ്രമിച്ചവന്‍....
അവസാനം പെണ്ണിനാല്‍ തകര്ന്നവന്‍...
പെണ്ണിനാല്‍ മരണമുഖം കണ്ടവന്‍... മരിക്കുമ്പോഴെന്റെ ചുണ്ടിലെ ചോദ്യം ഒന്ന് മാത്രമായിരുന്നു.. എന്റെ അമ്മ ഒരു പെണ്ണ് തന്നെയായിരുന്നോ എന്ന്..

Tuesday, November 15, 2011

ബാല്യത്തിന്റെ കണ്ണീര്‍ തുള്ളികള്‍

കരഞ്ഞിരുന്നു... പണ്ട്... കുട്ടിക്കാലത്ത്..
പക്ഷെ എല്ലാ കുട്ടികളും കരയന്ന പോലെ ആദ്യമായി സ്കൂളില്‍ പോയപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നില്ല
അടുത്തുള്ളവന്റെ മനോഹരമായ പേന മോഷ്ട്ടിച്ചപ്പോള്‍ മാഷ് ചൂരല്‍ വീശിയപ്പോഴും ഞാന്‍ കരഞ്ഞിരുന്നില്ല.....
പിന്നെ...,
അച്ഛന്‍ തല്ലുമ്പോള്‍ കരയുമായിരുന്നു..... ഏങ്ങി... ഏങ്ങിയേങ്ങി.....
വേദന കൊണ്ടല്ല... സ്നേഹിക്കുന്നവര്‍ തിരിഞ്ഞു നിന്നാല്‍ പോലും എനിക്ക് ആധിയായിരുന്നു ....അന്നും...
ഇന്നും....
അടി കിട്ടിയതിനു ശേഷമുള്ള എന്റെ തേങ്ങലും എങ്ങലും ഒരുപാട് നേരം നീണ്ടിരുന്നു... കാരണം...... ,
സങ്കടം കൊണ്ടെന്റെ കരച്ചില്‍ കണ്ണീരിന്റെ കെട്ടു പൊട്ടിക്കുമ്പോള്‍ അച്ചന്റെയൊരു കെട്ടിപ്പിടൂത്തമുണ്ട്....
അത്....
അതാണ് സ്നേഹം... അല്ല, അത് മാത്രമാണ് സ്നേഹം എന്ന് കരുതിയിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്..
അച്ഛന്റെ ഘനഗംബീര്യമുള്ള ശബ്ദം പരമാവധി മയപ്പെടുത്തി, ഒരേയൊരു ആശ്വാസവാക്കുണ്ട് ;
"സാരമില്ല പോട്ടെ...."
ആ വാക്ക്, എന്റെ സങ്കടക്കടലിലെ തോണിയായിരുന്നു..... സ്നേഹത്തിന്റെ രൂപമില്ലാ ശക്തിയായിരുന്നു...
അതെന്റെ ധൈര്യമായിരുന്നു..... എന്റെ മാത്രമെന്ന നിനവായിരുന്നു....
അമ്മയുമായി അച്ഛന്‍ പിരിഞ്ഞതിനു ശേഷം എന്റെ മോഹങ്ങള്‍ക്കെല്ലാം അവസാന വാക്ക് അച്ഛനായിരുന്നു...
ഒരിക്കല്‍ അച്ഛന്റെ കൂടെ ഒരാള്‍ കൂടി വന്നു ക്രൂരതയുടെയും പരിഹാസത്തിന്റെയും മുഗമായിരുന്നു അയാള്‍ക്ക്‌ .....
മദ്യം ...
അതായിരുന്നു അയാളുടെ പേര് ... പിന്നെ എന്റച്ചനെ എനിക്ക് കിട്ടിയതേയില്ല..... ഇന്ന് വരെ...
പകരം, സ്നേഹിക്കാനും വെറുക്കാനും അറിയാത്ത ഒരു രണ്ടാനമ്മയെ കിട്ടി.... രാത്രി അച്ഛന്റെ അടിയും ....
പ്ന്നീടങ്ങോട്ട്‌....
ആ ബീഡിച്ചുവയുള്ള വാക്കുകളോട് വെറുപ്പായിരുന്നു... പിന്നീടച്ചന്‍ തല്ലുമ്പോള്‍ ഞാന്‍ കരയാറില്ലായിരുന്നു...
കാരണം...... അടി കഴിഞ്ഞു അച്ഛന്റെ ആശ്വാസവാക്ക് വഴിയിലെവിടെയോ വീണു പോയിരുന്നു.. ...
ഇതെല്ലാം മറക്കാന്‍ , എന്നെ ആശ്വസിപ്പിക്കാന്‍ അന്ന് എനിക്കും കിട്ടി ഒരു സുഹൃത്തിനെ.... പിന്നീട് ഞാനറിഞ്ഞു...
അവന്റെ പേര് "ലഹരി" എന്നായിരുന്നുവെന്ന്‌..... അവന്റെ കൂടെ നടന്നു ഞാന്‍ എല്ലാം മറന്നു .....
അച്ഛന്റെ കുത്തുന്ന , ഇക്കിളിപ്പെടുത്തുന്ന കട്ടിമീശയെപ്പോലും... വാഹനം വരുമ്പോള്‍ മുറുകുന്ന തഴംബുള്ള കൈകളെപ്പോലും.....
ആ പിടുത്തം വിട്ടാലും വിട്ടില്ലെന്നു തോന്നിപ്പിക്കുന്ന ആ കൈചൂടിനെപോലും ..........
എന്റെ മറവിയെ പോലും.....

ചോദ്യോത്തരം

പ്രണയത്തിന്റെ നിഴലാണോ വിരഹം...?
ഒരിക്കലതെന്റെ പിന്നില്‍ പിന്തുര്‍ന്നു....
പിന്നീടതിനെ കാണാതായി.... ഞാന്‍ സന്തോഷിച്ചു.
പക്ഷെ, വീണ്ടും അതെന്നെ തേടി വന്നു....
അതെന്നെ വലംവെച്ചു ശല്യപ്പെടുതിക്കൊന്ടെയിരുന്നു.
അവസാനം അതിനെ നശിപ്പിക്കാന്‍ ഞാനെന്റെ
പ്രണയമെന്ന പ്രകാശം കെടുത്തിക്കളഞ്ഞു....
പക്ഷെ, എന്നെ ശല്യപ്പെടുത്തിയ നിഴല്‍ മറയും മുന്‍പേ,
ഞാനുമൊരു നിഴലായിതീര്‍ന്നു... അതെ,
പ്രണയത്തിന്റെ നിഴല്‍ തന്നെ വിരഹം...

പ്രേതം


നീ ഒരു പക്ഷെ ഏതോ അടുക്കളയുടെ അകത്തളത്തില്‍
കരിയും പുകയും കൊണ്ട് ജീവിക്കുകയായിരിക്കാം
അതുമല്ലെങ്കില്‍ ഏതോ പണക്കാരന്റെ മിന്നുന്ന സാരിയുടുത്ത ഭാര്യ സ്ഥാനവും പേറി നടക്കുകയായിരിക്കാം ... ഇനി അതുമല്ലെങ്കില്‍ വിധവയായി കുട്ടികളെയും കൊണ്ട്
എന്നോ നഷ്ട്ടപ്പെട്ട ദിവസങ്ങളെയും ഇഷ്ട്ടങ്ങളെയുമോര്‍ത്തു ഒരിക്കലും വരാത്ത വസന്തം കാത്തിരിക്കുകയായിരിക്കും...
പക്ഷെ,
ഞാനിവിടെ വിരഹം കൊയ്തു കഴിഞ്ഞില്ല......
എന്റെ മരണത്തിന് ശേഷം
നിന്റെ ഓര്‍മ്മകളില്‍ മാത്രമായി ഒരു ജീവിതമുന്ടെന്നു,
മരിക്കും മുമ്പ് ഞാനറിഞ്ഞില്ല......
ഒരു ഗതികിട്ടാ പ്രേതമായി പോലും ഞാന്‍ നിന്നെ
ശല്യപ്പെടുത്താന്‍ വരുന്നില്ല...
പക്ഷെ, ഇപ്പൊ ഞാന്‍ ആശിച്ചു പോകുന്നു...
ഞാന്‍ മരിച്ചില്ലായിരുന്നെന്കില്‍.
എങ്കിലും,
എനിക്കിപ്പോ നിന്നെക്കാളിഷ്ട്ടം എന്റെ ശവ ശരീരം തൂങ്ങിയാടിയ
ആ ഒന്നരമീറ്റര്‍ കയറിനോടാണ്...
കാരണം ,
അത് മാത്രമാണ് എന്റെ ജീവിതത്തില്‍ എന്നോട് വാക്കുപാലിച്ചത്....
അതുമാത്രമാണ്, എന്റെ ഇഷ്ട്ടങ്ങള്‍ക്ക് കൂട്ടുനിന്നത് ....
അതിനും ഒരു ഹൃദയമുന്ടെന്നു ഞാന്‍ വിശ്വസിക്കുന്നു...
അതോ, നിന്നെ പോലെ ഹൃദയം ഇല്ലാത്തതുകൊണ്ടോ?

ഹൃദയത്തിലെ ചിതല്‍പുറ്റുകള്‍

വിരഹത്തെക്കാളും സ്നേഹത്തിന്, സൗന്ദര്യവും ആസ്വാദ്യതയുമുണ്ട്... ഇന്ന് , ഞാനതനുഭവിക്കുന്നു... ജീവിതത്തില്‍, ഒറ്റപ്പെട്ടു പോകുമ്പോഴാണ് കഴിഞ്ഞു പോയതെല്ലാം ഒരു നാടകമാണെന്ന് തോന്നിതുടങ്ങുക... ചെയ്തു കൂട്ടിയതെല്ലാം മണ്ടത്തരമാണെന്നും ആര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍തുവെന്നും പറഞ്ഞു സ്വന്തം മനസ്സാക്ഷി വേദനിപ്പിച്ചു കൊണ്ടേയിരിക്കും... ഒരൊറ്റമുറിയിലിരുന്നു ചിന്നംപിന്നം പെയ്യുന്ന മഴയെ നോക്കുമ്പോള്‍ പണ്ട് താന്‍ എത്രത്തോളം ആസ്വദിച്ച കാര്യമാനിതെന്നോര്‍ത്തു ദീര്‍ഘ നിശ്വാസം വിടും.... വിധി, കണ്ണീരിന്റെ കൂടെപ്പിറപ്പാണോ എന്ന് ശങ്കിച്ച് പോയി... എത്രകാലം... ഓര്‍മ്മയില്ല ഞാന്‍ എന്നാണവളെ കണ്ടു മുട്ടിയതെന്നു... പക്ഷെ ആ നിമിഷം മായാതെ തന്നെ മനസ്സില്‍ കിടക്കുന്നു.. ആ അനുഗ്രഹീത നിമിഷത്തില്‍ ? അങ്ങനെയാണോ പറയേണ്ടത് എന്നെനിക്കറിയില്ല.. ആദ്യമായി കണ്ട നിമിഷത്തില്‍ തന്നെ ഹൃദയത്തിന്റെ കോണിലെവിടെയോ ഒരു കുളിര്‍മ്മ... പക്ഷെ അതിനൊരു ഭയം കലര്‍ന്ന പോലെ തോന്നി. എന്തോ അപ്പോഴെന്റെ ശരീരം വിയര്‍ത്തു കൊണ്ടിരുന്നു... നാണമോ പുഞ്ചിരിയോ എന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടില്ല...ആഗ്രഹമുണ്ടായിട്ടും! പക്ഷെ ... എന്റെ കണ്ണുകള്‍ ഞാനറിയാതെ എന്തോ അവനോടു പറഞ്ഞിട്ടുണ്ടാവാം.... അതെ.. ശരിയാണ് അതുകൊണ്ട് തന്നെയാണല്ലോ ഞാനിന്നും അവളുടെയോര്‍മ്മകളില്‍ മുഴുകിക്കഴിയുന്നത്.... അവളുടെ മനം മയക്കുന്ന ചിരിക്കു എന്റെ മനസ്സിനുള്ളില്‍ വലിയൊരു പ്രണയപേമാരി തന്നെ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞിരുന്നു.... പിന്നെടങ്ങോട്ടെപ്പോഴോ ഞങ്ങള്‍ സുഹൃത്തുക്കളായി.... പിന്നെപ്പിന്നെ.... ടീച്ചര്‍മാരുടെ കണ്ണ് വെട്ടിച്ചു രണ്ടു പേരും ഒറ്റക്കിരിക്കുന്നതൊരു പതിവായി... പിന്നെ, പേനയും പ്രതലവുമോരുമിക്കുമ്പോള്‍ അതൊരു മനോഹര ചിത്രമായി പരിണമിക്കും പോലെ, പ്രണയവുമായിതീര്‍ന്നു. അന്ന്, തമ്മില്‍ തോന്നിയത് പ്രണയമാണോ സൌഹൃദമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത എട്ടാം ക്ലാസ്സുകാരനില്‍ സ്വപ്നങ്ങളുടെ നിത്യവസന്തം തോരാതെ പെയ്തിരുന്നു.... നീണ്ട ആറു വര്‍ഷങ്ങള്‍ വരെ... എന്നിട്ടിപ്പോ ആരോ എന്നെ വഞ്ചിച്ചിരിക്കുന്നു... ഓരോ ക്ലാസുകള്‍ പിന്നിടുമ്പോഴും മോഹങ്ങള്‍ക്ക് പുതിയൊരു പക്വത വന്നത് പോലെയായിരുന്നു... ഒരിക്കലവന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ പ്രണയ ലേഖനം കണ്ടാല്‍ ചിരിച്ചു മണ്ണുകപ്പിപ്പോകും... അതിങ്ങനെയായിരുന്നു: പ്രിയപ്പെട്ട ആതിരയ്ക്ക്, നിന്നെ കാണാതിരിക്കാന്‍ പറ്റുന്നില്ല... അത് കൊണ്ട് ഞാന്‍ അച്ഛമ്മയുടെ വീട്ടില്‍ വിരുന്നിനു പോയില്ല അതുകാരണം വീട്ടില്‍ ഭയങ്കര വഴക്കായി. എന്തോ, എവിടെ നോക്കിയാലും നിന്നെ തന്നെ കാണുന്നു.. കിടക്കുമ്പോ... സൈക്കിളില്‍ പാല് വാങ്ങാന്‍ പോകുമ്പോ കുളിക്കുമ്പോ... മേശമ്മേല്‍ തല വച്ച് കിടക്കുമ്പോള്‍ ചെവിയില്‍ ആതിര.. ആതിര.. എന്ന് കേള്‍ക്കുന്നത് പോലെ തോന്നുന്നു. എന്താണെന്നറിയില്ല... ഒരു ദിവസം പരിസര ബോധമില്ലാതെ അമ്മയെ കേറി എടീ ആതിരേ... എന്ന് വിളിച്ചു. ആതിര എന്ന് മുഴുവനാക്കും മുമ്പ് അടി വീണു. ഞാന്‍ ഓടി മരത്തില്‍ കയറി. തിങ്കളാഴ്‌ച കിഴക്കേപാടം അമ്പലത്തില്‍ വേലക്കു നീ വരുമോ? എന്തായാലും വരണം.... പിന്നെ മറുപടി എഴുതണം വിജി ചേച്ചീടെ മോന്‍ വരുമ്പോ അവന്റെ പോക്കറ്റില്‍ ഇട്ടാല്‍ മതി. അവന്‍ അറിയരുത്. അവന്‍ ട്രൌസരില്‍ മൂത്രമൊഴിക്കാതിരിക്കാന്‍ നമുക്ക് ഈശ്വരനോട് പ്രാര്‍ഥിക്കാം... by, നിന്റെ സ്വന്തം R" ഈ കത്തിനു ചുറ്റും "R+A" എന്ന് നീല മഷിപ്പെനകൊണ്ട് കട്ടിയില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.. പിന്നെ.. ഒരു പാടൊരുപാട് i lov you കളും... കാലം ഒരുപാട് മാറി, ഒരുപാടെന്നാല്‍ ഒരുപാട്. പിന്നീടെന്തോക്കെയോ സംഭവിച്ചു. ഇപ്പൊ എല്ലാം ഓര്‍മ്മകള്‍ മാത്രമാണ്. ഓര്‍മ്മകള്‍.അത് മറന്നു പോവുന്നെയില്ല. മറക്കും തോറും അതെന്റെ ഹൃദയത്തില്‍ ബിയര്‍കുപ്പി കുലുക്കി തുറന്നപോലെ നുരഞ്ഞു പൊന്തുന്നു.എന്ത് കൊണ്ടാണ് നഷ്ട്ടങ്ങള്‍ മാത്രം ചിന്തയില്‍ ഓടിയെത്തുന്നത്? നേട്ടങ്ങളെ കുറിച്ച് എത്രയെത്ര ചിന്തിക്കാനുണ്ട് എന്നിട്ടും!! പ്രകൃതിക്ക് ജീവിതത്തില്‍ വല്ലാത്തൊരു സ്ഥാനം തന്നെയാണുള്ളത്. മഴ മേഘങ്ങള്‍ അടിഞ്ഞു കൂടുന്ന കല്ലടിക്കോടന്‍ മലനിരകളുടെ പാശ്ചാത്തലത്തില്‍, മലമ്പുഴ ഡാമില്‍ നിന്നും കൃഷിക്കായി ഒരുക്കിയ നീണ്ട കനാലുകളുടെ കളകള ശബ്ദം കേട്ട് കൊണ്ട് റബ്ബര്‍ കാടുകളുടെയും മാന്ജികതോട്ടങ്ങളുടെയും സീല്‍ക്കാര ശബ്ദങ്ങള്‍ക്കിടയില്‍, പ്രണയം കൊണ്ടൊരു ലോകം തീര്‍ത്തവര്‍ക്ക് എങ്ങനെയാണത് വിസ് മൃതിയുടെ ബന്ധാരത്തില്‍ അടച്ചു പൂട്ടാന്‍ കഴിയുക? ഇല്ല. അതൊരിക്കലും സാധ്യമല്ല ശരിക്കും പറഞ്ഞാല്‍, അനുഭവങ്ങള്‍ എന്ന ചുകപ്പ് മുന്തിരികള്‍ ഹൃദയത്തിന്റെ തണുത്ത ഭാഗത്ത്‌ കുഴിച്ചു മൂടിയിട്ടാന്ന് ഓര്‍മ്മകളെന്ന വീര്യം കൂടിയ വീഞ്ഞ് നിര്‍മ്മിക്കപ്പെടുന്നത്. ആ വീര്യം കൂടിയ വീഞ്ഞിന്റെ ലഹരിയിലാണ് ഞാനിപ്പോള്‍. ഇല്ല ഈ ലഹരി തീരുന്നില്ല.. മരിക്കുവോളം അതെന്റെ കൂടെയുണ്ടാവും. എങ്കിലും പഴയ ആള്‍ക്കാരൊക്കെ ഇപ്പൊ കാണുമ്പോ പറയും 'താനാകെ മാറിപ്പോയല്ലോടോ എന്ന്. അതെ, മാറ്റം വന്നിട്ടുണ്ട്. പഴയ നിസ്കാരപ്പള്ളി പൊളിച്ചു ഏതോ അറബിയുടെ കാശ് കൊണ്ട് ഗംഭീര പള്ളി അവിടെ സ്ഥാനം പിടിച്ചു. ചെമ്മണ്‍ പാതകള്‍ ടാറിട്ട റോഡുകളായി മാറി. റബ്ബര്‍ കാടുകള്‍ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ ആയും,പുതുപ്പണക്കാരുടെ വീടുകളായും മാറി.... വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആ കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, എന്നെ പോലെ പ്രകൃതിയും അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതിയ വേഷങ്ങള്‍...പുതിയ ഭാവങ്ങള്‍... എങ്കിലും എന്റെ ഓര്‍മ്മയുടെ കനാലുകള്‍ ഇത് വരെയും വറ്റിയിട്ടില്ല....അത് സഹ്യന്റെ നേരെ ദൂരേയ്ക്ക് ഇപ്പോഴും ഒഴുകുന്നുണ്ട്. ഒരു പക്ഷെ, മലമ്പുഴയിലെ ജലം തീരുവോളം അതെന്നെ കുളിരണിയിച്ചു കൊണ്ടേയിരിക്കും....ഞാനിപ്പോഴും പഴയ സ്കൂള്‍ യുനിഫോമും ധരിച്ചു ആ ഒഴുക്ക് വെള്ളത്തില്‍ മുങ്ങാംകുഴിയിടും. അതെന്റെ അഭിനിവേശമാണ്. അവകാശവുമാണ്. കാരണം, എന്റെ ഓര്‍മ്മകളുടെ ചിതല്‍ പുറ്റിനുള്ളിലേക്ക് ഞാനാരെയും കടത്തി വിടാറില്ല. അനുഭവങ്ങളുടെ അസഹ്യമായ വേദന അനുഭവിക്കാത്തവരാര്‍ക്കും അതിലേക്കു കടന്നു ചെല്ലാനാവുകയുമില്ല.

Saturday, September 24, 2011

ഒരു പത്താം ക്ലാസ്സുകാരന്റെ അനുഭവങ്ങള്‍.


അന്ന്, പത്താം ക്ലാസ്‌ പ്രൈവറ്റ് ആയി പഠിക്കുന്ന കാലം.... ക്ലാസില്‍ ഫീസ് കൊടുക്കാത്തതിന് ചീത്ത കേള്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ആദ്യമാദ്യം ക്ലാസ്‌ കട്ടെന്ന കലാപരിപാടി തുടങ്ങി വെച്ചത്... പിന്നെ, അതൊരു ശീലമായി, ലഹരിയായി ആഘോഷവും ആര്മാദിക്കലുമായി വളര്‍ന്നു... ആദ്യ പിരീഡില്‍ സിന്ധു ടീച്ചര്‍ ക്ലാസ്‌ ടീച്ചറാണ്.. അവര്‍ ഇവംമാരോന്നും നന്നാവാന്‍ പോകുന്നില്ല എന്നൊരു ഭാവത്തിലാണ് ക്ലാസ്‌ എടുക്കുക... അത് കൊണ്ട് ചോദ്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ വളരെ കുറവാണ്.. അഥവാ ചോദിച്ചാല്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ കിട്ടുന്ന ശിക്ഷ വലുതും അല്ലെങ്കിലും എണപത്തിനാല് കുട്ടികളുള്ള മൂപ്പെത്തിയ യുവമിതുനങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുന്നിടത്തു ഒരു അധ്യാപികക്ക് എന്ത് റോള്‍ ആണുള്ളത്..? ഒരു കരകൌശലക്കാരന്‍ ഒരുത്തിയുടെ മാറ് പിടിച്ചിട്ടു ഇതെന്താ റബ്ബര്‍ പന്തോ എന്ന് ചോദിച്ചിട്ട് പോലും ആ ബഹളത്തിനിടക്ക് ആരും ഒന്നുമറിഞ്ഞില്ല...!! അതാണ്‌ അവസ്ഥ.. സാധാരണ ഞാനും മനാഫും സൈക്കിളില്‍ കുന്നും മലയും താണ്ടി മെയിന്‍ റോഡില്‍കൂടി വീണ്ടും നാല് കിലോമീറ്ററുകള്‍ താണ്ടി ടുടോരിയാല്‍ കോളേജില്‍ എത്തുമ്പോഴേക്കും സമയം ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തു വീണ്ടും ഓടിക്കൊണ്ടിരിക്കും... പണ്ടാരം ഈ മണ്ടന്‍ വാച്ചുകള്‍ ആര്‍ക്കു വേണ്ടിയാണ് ഇത്ര ധിറുതിയില്‍ ഓടിക്കൊണ്ടിരിക്കുന്നത്...? എന്നാലും ഞങ്ങളുടെ പ്രിന്‍സിപ്പാളും ക്ലാസ്‌ ടീച്ചറുമായ ബിന്ദു ടീച്ചര്‍ എത്തുമ്പോഴേക്കും അതിലും വൈകിയിരിക്കും... അത് കൊണ്ട് മിക്ക ദിവസങ്ങളിലും ഞാനും അവനും രക്ഷപ്പെടാരാന് പതിവ്... അരമതിലുകള്‍ ചുറ്റും പണിത കെട്ടിടം ആറു ചെങ്കല്‍ തൂണുകളിലാണ് നില നിന്നിരുന്നത്... മേലെ ഓലയും ഷീറ്റും കലര്‍ത്തിയ മേല്‍ക്കൂര... അങ്ങനെ നീളത്തില്‍ വേറെ ആറു തൂണുകള്‍ സ്കൂളിലെ കുട്ടികള്‍ക്ക് ടൂഷനെടുക്കുന്ന ക്ലാസുകളെയും സംരക്ഷിച്ചു... ഫീസ് കൊടുക്കാതതിനുള്ള ചീത്ത പറയുന്നത് സ്ഥാപന ഉടമയും കുറ്റിക്കാട്ടൂര്‍ സഫ മെഡിക്കല്‍ ഉടമസ്ഥനും ഞങ്ങളുടെ കെമിസ്ട്രി ക്ലാസ്‌ ടീച്ചറുമായ കമാല്‍ മാഷ്‌ ആണ്... ഇളനീരു വവ്വാല്‍ കൊത്തിയ പോലെയുള്ള മുഖവും അഞ്ഞൂറിന്റെ ബള്‍ബില്‍ എണ്ണ പുരണ്ടാല്‍ കാണാവുന്ന അത്രക്കും തിളങ്ങുന്ന കഷണ്ടിയുമുള്ള, അതിക്രൂരനും അജാനബാഹുവുമായിരുന്നു അന്ന് കമാല്‍മഷ് എന്നാ മുസ്തഫ കമാല്‍ മാഷ്‌...
തലേന്ന് അര്‍ദ്ധരാത്രി വരെ ഞങ്ങള്‍ ഭാവിയില്‍ പണക്കാരായിട്ടു ഉണ്ടായേക്കാവുന്ന അനുഭവങ്ങളും ബെന്‍സ്‌ കാറില്‍ വരുമ്പോള്‍ ഞങ്ങള്‍ സ്വയം തിരിച്ചറിയാതെ പോകുന്ന കഥകളും പിന്നെ പ്രണയം നിരസിച്ച പെണ്‍കുട്ടികളുടെ മുമ്പിലൂടെ സുന്ദരിയായ ഭാര്യയേയും കൊണ്ട് വില കൂടിയ ബൈക്കില്‍ ചെത്തി നടക്കുന്ന ഹരവും പറഞ്ഞു നേരം കൊന്നിട്ട് രാവിലെ തല പൊങ്ങാതെ കിടന്നുറങ്ങിപ്പോവുകയും ചെയ്യുന്നതായിരുന്നു ക്ലാസില്‍ വൈകിയെതുന്നതിനുള്ള പ്രധാന കാരണങ്ങള്‍... അരമുക്കാള്‍ മണിക്കൂറോളം സൈക്കിള്‍ യാത്രയും പത്തു മണിക്കാരംഭിക്കുന്ന ക്ലാസും ഉള്ള ഞങ്ങള്‍ എഴുന്നേല്‍ക്കുക തന്നെ ഒന്പതെ മുക്കാലിനാണ്... പിന്നെ കുളിക്കാതെ പോകാറില്ല കാരണം, അന്ന് എനിക്ക് തോളറ്റം വരെ മുടി ഉണ്ടായിരുന്നു... എന്നാ തേക്കാതെ അലക്കുന്ന സോപ്പ്‌ കൊണ്ട് കുളിച്ചിരുന്ന ഞാന്‍ രാവിലെ എഴുന്നേല്‍ക്കുന്ന കോലം കണ്ടാല്‍ പ്രേതങ്ങള്‍ പോലും പേടിച്ചോടും. അത്രക്കും മുടിയാണ് തലയില്‍ പാറിപ്പറക്കുന്നത്. പത്തു വയസ്സുകാരി പകുതി പൊളിച്ചിട്ട തേങ്ങാചകിരി പോലെയാണ് എന്റെ തല... ഇതൊക്കെ കഴിഞ്ഞു എന്റെ ഹീറോ ഹോണ്ട കരിഷ്മ സൈക്കിളില്‍ ക്ലാസിലെതുമ്പോള്‍ ടീച്ചര്‍ ക്ലാസിലുന്ടെന്കില്‍ ഒരു കൂട്ട ചിരിയാണ ആദ്യം ഉയര്‍ന്നു കേള്‍ക്കുക.. പിന്നെ ചോദ്യങ്ങള്‍.
എന്താ വൈകിയത്?
ഒന്നുമില്ല ടീച്ചറെ മനാഫിന്റെ അമ്മോന്റെ മോളെ കല്യാണമായിരുന്നു...
ഓഹോ.. അതിനു അവനല്ലേ വൈകേണ്ടത് നീ എന്തിനാ വൈകിയത്?
അതല്ല ടീച്ചറെ അവന്‍ എന്റെ തൊട്ടടുത്ത വീടാണ്....
ഹൂം അല്ല മനാഫെ നിന്റെ വീട്ടുകാല്‍ ഭയന്കരന്മാര്‍ തന്നെ...
അതെന്താ അങ്ങനൊരു ചോദ്യം എന്നാ ഭാവത്തില്‍ ഞാനും മറ്റു കുട്ടികളും ടീച്ചറെ സംശയത്തോടെ നോക്കുന്നതിനിടക്ക് ടീച്ചര്‍ തുടര്‍ന്നു:
അതല്ല മിനിഞ്ഞാന് മനാഫ്‌ ഇമ്പോസിഷന്‍ എഴുതാഞ്ഞത് എന്താണെന്ന് ചോദിച്ചപ്പോ അവന്‍ പറഞ്ഞു അമ്മാവന്‍ മരിച്ചു പോയി എന്ന്.. എന്നിട്ട് മൂന്നു ദിവസം തികക്കും മുമ്പ് നിങ്ങള്‍ അവിടെ ഒരു കല്യാണം നടത്തിക്കളഞ്ഞല്ലോ...
ഈ പരിഹാസ ചോദ്യം ആര്‍ക്കാണ് ബാധിക്കുക എന്ന് പറയാന്‍ പറ്റില്ല.. കല്യണമാണോ മരണമാണോ ടീച്ചര്‍ വിശ്വസിക്കുക?... കല്യാണം വിശ്വസിച്ചാല്‍ അവന്റെ കാര്യം കട്ടപോഹാഹെ... അപ്പൊ മരണം വിശ്വസിച്ചാലോ.... ഓര്‍ക്കാന്‍ കൂടി വയ്യ.. കാരണം ടീച്ചര്‍ക്ക് എന്നെ കാണുന്നത് തന്നെ കലിപ്പാണ.ഞാന്‍ എന്റെ വസ്ത്ര ധാരണം ഒന്ന് കൂടി ശ്രദ്ധിച്ചു.. യു എസ എ യുടെ കൊടിയും ലോഗോയും പതിച്ച കണ്ണില്‍ കുത്തുന്ന ബി ജെ പി കൊടിയുടെ കളര്‍ ബനിയന്‍. പണ്ടത്തെ ജയന്റെ കാലസ്രായി ബെല്‍ബോട്ടം പാന്റ് -അവിടവിടെയായി കീറിയ ഡിസൈനും ഉണ്ട്. കലാബോധമില്ലാത്ത ഈ അധ്യാപക വര്‍ഗങ്ങള്‍ക്ക് ഇതൊന്നും കന്ല്‍ണ്ണിപ്പിടിക്കില്ല എന്ന് തീര്‍ച്ച!
അങ്ങനത്തെ ടി ഷര്‍ട്ട്‌ ഇട്ടു കോളേജില്‍ കാലു കുത്തരുതെന്നു പല തവണ വാണിംഗ് കിട്ടിയിട്ടുള്ളതാണ്... എനിക്ക് മൂത്രം ഒഴിക്കാന്‍ മുട്ടുന്നത് പോലെ തോന്നി.കാരണം ടീച്ചറൊന്നു വിരല്‍ നൊടിച്ചാല്‍ മുസ്തഫ സര്‍ പറന്നെത്തും പിന്നെ എന്തൊക്കെയാവും നടക്കുക എന്ന് പറയാനൊക്കില്ല.തണ്ടും തടിയുമുള്ള സഹപാഠി മുസമ്മില്‍ എന്തോ ഒരു ഉടക്കിനു നിന്നിട്ട് അവനെ സര്‍ കൈകാര്യം ചെയ്ത രംഗങ്ങള്‍ എന്റെ ഹൃദയത്തെ അറേബ്യന്‍ ഭക്ഷണത്തിന് കമ്പിയില്‍ കോര്‍ത്ത കോഴിയെ പോലെയാക്കി.മൂത്രമൊഴിക്കാന്‍ ശക്തിയായ സമ്മര്‍ദം. ഒരു പാന്റില്‍ തന്നെ ഒഴിച്ച് പോകുമോ? അല്ലെങ്കില്‍ പാന്റില്‍ തന്നെ ഒഴിചാലോ? അമ്പട, അതൊരു ഗമണ്ടന്‍ ബുദ്ധി തന്നെ!എന്നാല്‍ ചിലപ്പോ ടീച്ചര്‍ വെറുതെ വിട്ടേക്കും.. പക്ഷെ, ഉമൈബ? രാഖി? പിന്നെ അപ്രത്തെ ക്ലാസില്‍ നിന്നും ഇത് കേട്ട് ഉറക്കെ ചിരിക്കുന്ന കുട്ടികളുടെ ഇടയിലെ ഒരുപേരറിയാത്ത സുന്ദരി? വേണ്ട. മോശമാണ്. പിന്നെ എങ്ങനെ ഇവളുമാരുടെ മുഖത്ത് നോക്കും..? അങ്ങനെ പലജാതി ചിന്തകള്‍ എന്റെ മനസ്സിനെ ട്രെക്കിങ്ങിനു പോയ ജീപ്പിന്റെ അവസ്തയാക്കി മാറ്റി.അതിനിടക്ക് ഒരുത്തന്‍ മനാഫിനോട് എന്തോ സ്വകാര്യം പറയുന്നത് കണ്ടു... നിമിഷങ്ങള്‍ക്കകം അത് എന്റെ ചെവിയിലുമെത്തി... ഒന്ന് തുള്ളിചാടാനാണ് തോന്നിയത്... കമാല്‍ മാഷ്‌ ഇന്ന് വന്നിട്ടില്ലത്രേ... ഹാവൂ.. ഇനി പുറത്തു നിന്നാലും പ്രശ്നമില്ല. കാരണം ഹാജര്‍ കിട്ടി.രണ്ടാം പിരീഡിനു വേണ്ടി സിന്ദു ടീച്ചര്‍ പോവുമ്പോള്‍ അടുത്ത ടീച്ചര്‍ വരുന്നതിനടക്ക് മുങ്ങാം! ഫ്രീയായി ഒരു ക്ലാസ്‌ കട്ട് ചെയ്യല്‍ അവസരം തരപ്പെട്ടിരിക്കുന്നു. മനാഫിന്റെ മനസ്സിലും ഇതൊക്കെ തന്നെയാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് അവന്റെ ഭാവം കണ്ടപ്പോള്‍ മനസ്സിലാക്കി.
പെട്ടെന്നാണ് ഒരുത്തന്‍ ഉറക്കെ വിളിച്ചു പറഞ്ഞത്: ഹാവൂ അവര് രണ്ടു പേരും രക്ഷപ്പെട്ടു!
രക്ഷപ്പെട്ടന്നോ? ഞാന്‍ മനാഫിനെ നോക്കി അതേ ഭാവത്തില്‍ അവനും തിരിച്ചു നോക്കുന്നു... പിന്നെ അതൊരു കള്ളചിരിയായി മാറി. ഇന്ന് ക്ലാസ്‌ ടെസ്റ്റ്‌ ഉണ്ട്. ടെണ്ടടെം...! ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെയിതാ വെടി വെക്കാതെ തന്നെ...! എന്തൊരു ഭാഗ്യവാന്മാരാണ് ഞങ്ങള്‍. പക്ഷെ അടുത്ത നിമിഷത്തിലാണ് ആ ചതി ഞങ്ങള്‍ക്ക് മനസ്സിലായത്‌... ടീച്ചര്‍ കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് ആ വിരുതന്‍ അങ്ങനെ വിളിച്ചു പറഞ്ഞത്! അടുത്ത നിമിഷം ഞങ്ങള്‍ രണ്ടു പേരും യാതൊരു ഉപാധികളുമില്ലാതെ ക്ലാസ്സിനകത്താക്കപ്പെട്ടു. എനിക്ക് നിങ്ങളെക്കാള്‍ ബുദ്ധിയുണ്ട് കുട്ടികളെ എന്നാ ഭാവം എനിക്ക് അസഹനീയമായി തോന്നി. ഇമ്പോസിഷന്‍ എഴുതിയത് കൊണ്ട് വരാന്‍ ഓര്‍ഡര്‍ വന്നു കഴിഞ്ഞു എനിക്ക് എഴുതാനുല്ലതൊക്കെ ജസീല എഴുതിക്കൊണ്ട് വന്നിട്ടുണ്ട്.{അത് ഒരു അഡ്ജസ്റ്റ്‌മെന്റ് ആണ്} മനാഫ്‌ എഴുതിയിട്ടില്ല എന്ന് പറഞ്ഞതാണ്. എന്നിട്ടതാ അവന്‍ എഴുന്നേറ്റു കൂള്‍ ആയി ടീച്ചറുടെ അടുത്തേക്ക് പോകുന്നു.. ദൈവമേ അവന്‍ എന്തിനുള്ള പുറപ്പാടാണ്? സാധാരണ ഞങ്ങ ചെയ്യാറുള്ളത് ആയിരം പ്രാവിശ്യം എഴുതാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആരെങ്കിലും ഒരാള്‍ എഴുത്തും എന്നിട്ട് പിറ്റേ ദിവസം അത് വീതം വെക്കും. കൃത്യം അഞ്ഞൂറും അഞ്ഞൂറൂമായിട്ട! അഞ്ഞൂറെണ്ണം കാണിച്ചാല്‍ പിന്നെ ടീച്ചര്‍ ദയ തോന്നി വിട്ടയക്കും. അത് സംഭവിച്ചില്ലെങ്കില്‍ കള്ളത്തരമെന്തെങ്കിലും പറഞ്ഞു രക്ഷപ്പെടും അതിനു വേണ്ടി പരിശ്രമിച്ചു എന്നതാണ് ടീച്ചര്‍ക്ക് പ്രധാനം. എന്നാലും ഞാന്‍ എനിക്ക് എഴുതാനുള്ള ദിവസം ഏതെന്കിലും പെണ്‍കുട്ടികളെക്കൊണ്ട് സാധിചെടുക്കും.. പെണ്‍കുട്ടികള്‍ക്ക് നല്ല സ്നേഹമാണെന്ന് പ്രായമുള്ളവര്‍ പറയുന്നത് വെറുതെയല്ല. ഇതിപ്പോ എന്റെ കയ്യില്‍ നിന്ന് അവന്‍ പകുതി വാങ്ങിയിട്ടുമില്ല. അവനു എന്താണ് സംഭവിച്ചത്. അവനു അടി കിട്ടുന്നത് കാണാനായി ഇതറിയുന്നവരെല്ലാം ആകാംക്ഷയോടെ നോക്കി നിന്നു. പക്ഷെ എല്ലാവരെയും നിരാശപ്പെടുതിക്കൊണ്ട് അവന്‍ ഇമ്പോസിഷന്‍ കാണിച്ചു തിരിച്ചു വന്നു. എനിക്ക് എന്തോ പന്തി കെട് തോന്നി. ഞാന്‍ അവനോടു കാര്യം ചോദിക്കാന്‍ നീങ്ങിയതും അതാ ക്ലാസ്സിലെ മിടുക്കന്‍ [നേരത്തെ ഞങ്ങളെ ടീച്ചര്‍ക്ക് തന്ത്രപരമായി ഒറ്റിക്കൊടുത്തവന്‍] നിന്ന് തിരയുന്നു... ബന്ജിനടിയില്‍ തപ്പുന്നു.. അടുത്തുള്ളവരോട് എന്തൊക്കെയോ ചോദിക്കുന്നു... അവന്റെ ഇമ്പോസിഷന്‍ എഴുതിയ പേപ്പര്‍ കാണാനില്ല.. ആഹഹ! എന്തൊരു മനോഹര പ്രതികാരം. അന്ന് മനാഫിനൊരു ഉമ്മ കൊടുക്കാന്‍ തോന്നിപ്പോയി. പാവം മനാഫ്‌ ഒന്നുമറിയാതെ അവിടെ കഥയും പറഞ്ഞിരിപ്പാന്ന്. ഇമ്പോസിഷന്‍ എഴുതാതവരുടെ ലിസ്റ്റില്‍ ഞങ്ങളെ ഒറ്റിയവനുമുണ്ട്.. അവനു കിട്ടുന്ന ഓരോ അടിയും മറ്റുള്ളവരേക്കാള്‍ ഞങ്ങള്‍ രണ്ടു പേരും നന്നായി ആസ്വദിച്ചു....

Thursday, August 11, 2011

പ്രണയത്തിന്‍ അനിര്‍വചനീയമായ ഒരു ശക്തിയുണ്ട് എന്ന് അവന്‍ മനസ്സിലാക്കുന്നത് ; ഒരുപാട് പ്രണയിച്ചു, പിന്നീടെല്ലാം നഷ്ട്ടപ്പെട്ടു... നിരാശ കാമുകന്റെ വേഷവും അഴിച്ചു വെച്ചതിനു ശേഷം പിന്തിരിഞ്ഞു നോക്കുമ്പോഴാണ്......... തനിക്കു തിരിച്ചരിവില്ല എന്ന് പലരും മുഖത്ത് നോക്കി പറയാറുണ്ട്‌.... ഇപ്പോള്‍ തിരിച്ചരിവുകളുരോന്നായി മനസ്സിനെ തൊട്ടുണര്‍ത്തുന്നതും ഒരുപാടൊരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നതും സ്വയം മനസിലാക്കുന്നു... എല്ലാരും കുറ്റം പറയുമ്പോള്‍ ഞാന്‍ ചിന്തിക്കും, ഇവരൊക്കെ എന്ത് ഉദ്ദേശിച്ചാണ് ഇങ്ങനയൊക്കെ പറയുന്നത്? ഒരു കാര്‍ പോകുമ്പോള്‍ എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട് അതു കാര്‍ ആണെന്ന്, അതു പോലെ വീടും നാടും മരവും തെങ്ങും കവുങ്ങും പെണ്ണിനേയും ആണിനെയുമെല്ലാം എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്... പിന്നെ എന്ത് തിരിച്ചറിവാണ് ഇവര്‍ പുലമ്പുന്നത് എന്ന്.
എന്നാലിപ്പോ തോന്നുന്നു അതൊന്നുമല്ലാത്ത വേറെയും ഒരുപാട് തിരിച്ചറിവുകള്‍ ഉണ്ട് എന്ന്...
കാരണം,
മനസ്സിലുരുത്തിരിഞ്ഞു വന്ന കുറച്ചു ചോദ്യങ്ങളാണ്; അതെന്നെ വല്ലാതെ അലട്ടുന്നു... എന്ത് നേടി? എന്നാ ഒരു ചോദ്യം തന്നെ ഉത്തരം കിട്ടാത്ത ഒന്നാണ് .. ആത്മാവിന്റെ അന്തരാളനത്തില്‍ നിന്നും ആരാണ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് ? ചോദ്യങ്ങള്‍ക്ക് മറുപടിയായി കുറെ വരട്ടു ന്യായങ്ങളും കേള്‍ക്കുന്നുണ്ട്... അപ്പൊ ആരാണ് മറുപടി പറയുന്നത്...? ഇനി അതോ എനിക്ക് രണ്ടു ഹൃദയങ്ങളുണ്ടോ? ഇനിയിപ്പോ വായിച്ചു മാത്രം അറിവുള്ള മനസ്സാക്ഷി എന്ന സാധനമാണോ..? കലശലായ വാദപ്രതിവാദങ്ങള്‍ ഉള്ളില്‍ നടക്കുന്നുണ്ട്.... ഇതില്‍ ഞാന്‍ ആരാണ്? അപ്പൊ ഇത്രയും വാദപ്രതിവാദങ്ങളെ കുറിച്ച് വേവലാതിപ്പെടുന്ന നീ ആരാണ്?... എന്തായാലും ആകെ കുളമായി കിടക്കുകയാണ് മനസ്സ്... ഇനി എനിക്ക് വല്ല വട്ട് ആയതാണോ എന്നും ചിന്തിച്ചു നോക്കി പക്ഷെ വട്ടന്മാര്‍ക്കറിയുമോ വട്ട് ആയ കാര്യം? ആര്‍ക്കറിയാം.... അതു വട്ടന്മാര്‍ക്ക് മാത്രമല്ലേ അറിയൂ ... എന്തിനാ മണ്ടന്‍ ചിന്തകളുമായി നടക്കുന്നത്... പക്ഷെ മനസ്സില്‍ നിന്നും ചോദ്യങ്ങള്‍ ഡിലീറ്റ് ആകുന്നേയില്ല പിന്നെന്തു ചെയ്യും? ഇനി ഇത് വല്ല വൈറസോ മറ്റോ ആണോ ? അങ്ങനെയെങ്കില്‍ തന്റെ കാര്യം കട്ടപ്പോക തന്നെ... സിസ്റ്റം ഹാങ്ങായി ഹാങ്ങായി.. അവസാനം അടിച്ചു പോയത് തന്നെ... ശരിക്കും ആത്മാര്‍ഥമായി പ്രേമിക്കാന്‍ പാടില്ലായിരുന്നു... അങ്ങനെ ചെയ്തതാണ് ആകെ കുഴപ്പമായത്... ആ അസീമും സലീമുമൊക്കെ പ്രേമിക്കും പോലെ .. പക്ഷെ അതിനൊരു സുഖമില്ല... അങ്ങനെ പ്രണയിക്കുന്നത്‌ പ്രണയമാണോ..? വെറും മാംസക്കൊതി, അല്ലാതെന്തു.. എനിക്കതിനു കഴിയില്ല... ആ ,, അതിനു കഴിയില്ലെങ്കില്‍ ഇതൊക്കെ സഹിക്കുകയും വേണ്ടി വരും.
ഹോ..പണ്ടാരം.... ഒന്ന് വിചാരിക്കാന്‍ പോലും സാധിക്കുന്നില്ലല്ലോ.. വിചാരിക്കുമ്പോഴേക്കും ചോദ്യങ്ങളുമായി നില്‍ക്കുകയാണ് ഹൃദയത്തിനുള്ളിലുള്ള ഓരോ ശല്യങ്ങള് .... ഇവനാരെടാ അശ്വമേധം നടത്തുന്നവനോ? ഇതൊക്കെ പുറത്തായിരുന്നേല്‍ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു... ഇതിപ്പോ...
പഠിപ്പും പോയി ... ജോലിയുമില്ല.... കൂലിയുമില്ല.... അന്ന് കുറച്ചു കൂടി ആവേശം കാണിച്ചിരുന്നെങ്കില്‍ അവളെയെങ്കിലും സ്വന്തമാക്കാമായിരുന്നു ... ഹും ഒന്നും പറഞ്ഞിയ്യ്‌ കാര്യമില്ല .. ഇപ്പൊ തോന്നുന്നു പ്രണയം വെറുമൊരു മണ്ണാങ്കട്ടയാനെന്നു... ശരിക്കും അങ്ങനെയാണോ.. അല്ലല്ല ... എന്താ ഇത്രയായിട്ടും പഠിച്ചില്ലേ..
ഹേ അതു കൊണ്ടല്ല , ഞാന്‍ ആലോചിക്കുകയായിരുന്നു , ആദ്യമൊക്കെ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ തന്നെ താന്‍ നിലത്തേക്ക് നോക്കുമായിരുന്നു ...
എന്തോ അറിയില്ല അതങ്ങനെയാണ്, അങ്ങനെയായിപ്പോകും.. ഒരു നാണം പോലെ... ഇപ്പോഴോ?
ഇപ്പൊ കണ്ടാല്‍ അടിമുടി ഒന്ന് നോക്കും ... പിന്നെ അവളെ എക്സറേയും സ്കാനിങ്ങും ഒക്കെ നടത്തും
ഒരൊറ്റ നോട്ടത്തില്‍ നിന്ന് തന്നെ ഇതിക്കെ തീരും .... പണ്ടത്തെ ആ നാണക്കാരന്‍ പയ്യനെ ഈ കോലത്തില്‍
ഒരു എക്സറേ മിഷീന്‍ ആക്കി മാറ്റിയത് പ്രണയത്തിനെ കഴിവല്ലേ...?
ഹും അതു ശരി തന്നെ....!!!
പിന്നെ അതു മാത്രമോ... സ്കൂളില്‍ ഹൈജമ്പിനും ലോങ്ങ്‌ ജമ്പിനും മത്സരിക്കാന്‍ പോയിട്ട് കാണാന്‍ പോലും പോകാത്ത എന്നെ എത്ര വലിയ മതിലുകള്‍ ചാടിപ്പിച്ചു... ഒന്നും അരുതാതത്തിനു വേണ്ടി അല്ലെങ്കിലും വെറുതെ മുഖത്തോട് മുഖം നോക്കി ഇരിക്കാനായിരുന്നെങ്കിലും .... വേലി ചാടിയവന്റെ പേര് വേലി ചാടിയവന്‍ എന്ന് തന്നെയല്ലേ... ഹൂം എല്ലാം അന്ത കാലം ഇതൊക്കെയാണ് പ്രേമത്തിനുള്ള ശക്തി... ഇതു മതിലും ചാടും... ആരെയും ചോദ്യം ചെയ്യും .... എന്ത് ജോലിയും ചെയ്യും ... എവിടെയും പോകും .... എന്റെ നെഞ്ചില്‍ ആയിരത്തി അഞ്ഞൂറ് സീ സീ യുടെ എന്ജിനാനെടാ ... എന്ന ഭാവത്തില്‍ നെഞ്ച് വിരിച്ചു നടക്കും... അതാണ്‌ പ്രണയം... .. കുറച്ചു കൂടി വ്യക്തമായും ശക്തമായും പറഞ്ഞാല്‍ അതാണ്‌ പെണ്ണ് എന്ന് പറയേണ്ടി വരും...
ഇപ്പോള്‍ ശരിക്കും ഞാന്‍ ആദ്യം പറഞ്ഞ അനിര്‍വചനീയമായ അതുല്യ ശക്തി ജീവിതത്തിനാണ് എന്ന് തോന്നുന്നു... കാരണം മനുഷ്യനിഷ്ട്ടപ്പെട്ട മേഖലയോട് അവനു അടക്കാനാവാത്ത അഭിനിവേശം തോന്നുന്നു ... അതു ചിലപ്പോള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാകാം....
നേതൃത്വത്തിന് വേണ്ടിയാകാം... ഒരിറ്റു സ്നേഹത്തിനു വേണ്ടിയാകാം... മതത്തിനു വേണ്ടിയോ ഭക്തിക്കു വേണ്ടിയോ ആകാം .......
വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടിയാകാം.... പെണ്ണിന് വേണ്ടിയോ പണത്തിനു വേണ്ടിയ ആകാം.... അങ്ങനെ മനുഷ്യ മനസ്സില്‍ ഉത്ഭവിക്കുന്ന ആയിരക്കണക്കിന് ആശകള്‍ക്ക് വേണ്ടി അവന്‍ പോരാടുന്നു... അങ്ങനെ, മനുഷ്യ ജീവിതത്തിനു അനിര്‍വചനീയമായ അതുല്യ ശക്തി ഉണ്ടെന്നു തെളിയിക്കപ്പെടുന്നു... അതിന്റെ തെളിവുകളാണല്ലോ മനുഷ്യന്‍ ഉന്നതങ്ങളില്‍ എത്തപ്പെടുന്നത്....
അതു കൊണ്ടാണല്ലോ ആദമിനെ പ്രണാമം ചെയ്യാന്‍ ചെകുത്താനോട് ദൈവം കല്‍പ്പിച്ചത്.... .......
റഹിം00966545176197